ന്യൂഡൽഹി: സവർക്കറെ അപമാനിച്ച രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ശക്തമായ നിശ്ചയദാർഢ്യത്തേയും രാജ്യത്തോടുള്ള ഉറച്ച ദേശസ്‌നേഹത്തേയുമാണ് വീര സവർക്കറുടെ പേര് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുലിന് അയാളുടെ സ്വപ്‌നത്തിൽ പോലും സവർക്കർ ആകാൻ കഴിയില്ലെന്നും അനുരാഗ് താക്കൂർ പറഞ്ഞു. മാപ്പ് പറയാൻ താൻ സവർക്കറല്ല എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രതികരണം.
” നിങ്ങൾക്ക് നിങ്ങളുടെ ഏറ്റവും മികച്ച സ്വപ്‌നത്തിൽ പോലും സവർക്കർ ആകാൻ കഴിയില്ല. കാരണം സവർക്കർ ആകണമെങ്കിൽ ശക്തമായ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള നിസ്വാർത്ഥമായ സ്‌നേഹവും പ്രതിബദ്ധതയും എല്ലാം ആവശ്യമാണ്. സവർക്കർ ഒരു വർഷത്തിലെ ആറ് മാസവും വിദേശത്ത് അവധിക്കായി പോയി ചെലവഴിച്ചിട്ടുള്ള ആളല്ല. രാജ്യത്തിനെതിരെ വിദേശശക്തികളുടെ സഹായം തേടിയിട്ടില്ല.
ഭാരതത്തെ അടിമത്തത്തിന്റെ ചങ്ങലയിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രസ്ഥാനം ആരംഭിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് പോയത്. വീര സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന അസംബന്ധ പ്രചാരണങ്ങളും നുണയും തുറന്ന് കാട്ടേണ്ട സമയമാണിതെന്നും” അദ്ദേഹം പറഞ്ഞു. സവർക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കത്തും താക്കൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
സവർക്കറുടെ ധീരമായ മുന്നേറ്റങ്ങൾക്ക് സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ അതിന്റേതായ സ്ഥാനമുണ്ടെന്ന് 1980 മെയ് 20ന് എഴുതിയ കത്തിൽ ഇന്ദിരാഗാന്ധി പറയുന്നു. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പരിപാടികൾക്കും ഇന്ദിരാഗാന്ധി ആശംസകൾ നേരുന്നുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സവർക്കറുടെ ധീരതയേയും, ത്യാഗത്തേയും രജ്യത്തിനായുള്ള നിസ്വാർത്ഥ സേവനത്തേയും പ്രകീർത്തിച്ചു കൊണ്ട് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നുവെന്നും താക്കൂർ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സംഭാവനകളെ അംഗീകരിക്കാൻ ഇന്ദിരാഗാന്ധി സവർക്കറുടെ ചിത്രമുള്ള സ്റ്റാമ്പ് പോലും ഇറക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post