ന്യൂഡൽഹി: രാജ്യത്ത് 867 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. 3.19 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കൊറോണ ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചണ്ഡീഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിലധികമോ ഉള്ള ജില്ലകളുടെ എണ്ണം 31 ആയി ഉയർന്നിട്ടുണ്ട്. 14 സംസ്ഥാനങ്ങളിലായാണ് രോഗികളുടെ ഉയർന്ന എണ്ണം കാണിച്ചിരിക്കുന്നത്. കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ രോഗികളുടെ എണ്ണത്തിൽ കേരളം ഏറ്റവും മുന്നിലാണ് തുടരുന്നത്. രാജ്യത്താകെ 10,300 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിൽ 2471 ആക്ടീവ് കേസുകളാണ് കേരളത്തിൽ ഉള്ളത്.
കേരളത്തിൽ ഇന്നലെ 160 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. 136 പേർ രോഗമുക്തി നേടി. പ്രതിദിന കൊറോണ നിരക്കിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് കേരളത്തെക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 161, 168 കേസുകൾ. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിലാണ്.
Discussion about this post