കാഠ്മണ്ഡു: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ ഇന്ത്യയോട് സഹകരിച്ച് നേപ്പാളും. അമൃത്പാൽ സിംഗിനായി നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരമാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നടപടി.
പോലീസിനെ ഭയന്ന് ഇന്ത്യയിൽ നിന്നും മുങ്ങിയ അമൃത്പാൽ നേപ്പാളിലുണ്ടെന്നാണ് പഞ്ചാബ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവിടെ നിന്നും ഉടനെ ഇയാൾ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. നേപ്പാളിൽ നിന്നും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാകും കടക്കാൻ ശ്രമിക്കുകയെന്നും ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചത്.
അമൃത്പാലിനെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയ കാര്യം നേപ്പാൾ ഇമിഗ്രേഷൻ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഖാലിസ്ഥാനി ഭീകരൻ നേപ്പാളിൽ എത്തിയിട്ടുണ്ടെന്നാണ് ഇന്ത്യ നൽകുന്ന വിവരമെന്ന് ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥൻ കമൽ പ്രസാദ് പാണ്ഡെ വ്യക്തമാക്കി. രാജ്യത്ത് ഇയാൾ രഹസ്യമായി തങ്ങിവരികയാണ്. അതുകൊണ്ട് ഇയാളെ നിരീക്ഷിയ്ക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് നോട്ടീസ് പുറപ്പെടുവിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 18 മുതൽ അമൃത്പാൽ സിംഗിനായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. അമൃത്പാലിനെ പിന്തുടർന്ന് ഡൽഹിയിൽ ഉൾപ്പെടെ പോലീസ് എത്തിയെങ്കിലും അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളുടെ പാസ്‌പോർട്ടുകളും വ്യാജ പാസ്‌പോർട്ടുകളും ഇയാളുടെ പക്കൽ ഉണ്ട്. ഇതാണ് പോലീസിൽ കൂടുതൽ ആശങ്കയുളവാക്കുന്നത്.
Discussion about this post