മുംബൈ: ഐപിഎൽ ചരിത്രത്തിൽ എറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ടൂർണമെന്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ഒരേയൊരു ടീമാണ് മുംബൈ. എന്നാൽ കഴിഞ്ഞ തവണത്തെ ടീമിന്റെ പ്രകടനം അങ്ങേയറ്റം നിരാശാജനകമായിരുന്നു. 2022 ഐപിഎൽ സീസണിൽ, പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലായിട്ടായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്.
കഴിഞ്ഞ സീസണിന്റെ നാണക്കേട് മാറ്റാനും ആറാം കിരീടം നേടാനും ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബൈക്ക് ടൂർണമെന്റ് തുടങ്ങുന്നതിന് മുന്നേ തിരിച്ചടി ഏറ്റിരിക്കുകയാണ്. പരിക്കേറ്റ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രക്ക് സീസൺ പൂർണമായും നഷ്ടമാകും എന്നത് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുംബൈയുടെ ബൗളിംഗ് ആക്രമണത്തിന്റെ മൂർച്ച കുറയും എന്ന് ആരാധകർ ആശങ്കപ്പെടുന്നു.
ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിന്റെ സാന്നിധ്യം കൊണ്ട് ബൂമ്രയുടെ കുറവ് പരിഹരിക്കാം എന്നാണ് മുംബൈ ഇന്ത്യൻസ് പ്രതീക്ഷിക്കുന്നത്. ആർച്ചർക്കൊപ്പം, ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ഇത്തവണ മുംബൈ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
2021 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാണ് അർജുൻ ടെണ്ടുൽക്കർ. ഈ വർഷം അർജുൻ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ വർഷം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ അർജുൻ, മുംബൈക്ക് വേണ്ടി വിക്കറ്റുകൾ പിഴുതെറിയുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ടീമും ആരാധകരും.
Discussion about this post