അഹമ്മദാബാദ്: നവസാരി കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ കയറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയെറിഞ്ഞ സംഭവത്തിൽ കോൺഗ്രസ് എം എൽ എയും കൂട്ടാളികളും കുറ്റക്കാരെന്ന് ഗുജറാത്ത് കോടതി. വർസാ മണ്ഡലത്തിലെ എം എൽ എ ആനന്ദ് പട്ടേലിനാണ് കോടതി പിഴ വിധിച്ചത്.
99 രൂപയാണ് എം എൽ എക്ക് കോടതി പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴ് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പട്ടേലിനും കൂട്ടാളികളായ യൂത്ത് കോൺഗ്രസ് അംഗങ്ങളായ ആറ് പേർക്കുമെതിരെ അന്യായമായി സംഘം ചേരൽ, ആക്രമണം, ക്രിമിനൽ അതിക്രമം, മനഃപൂർവം മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തി ജലാല്പൂർ പോലീസാണ് കേസെടുത്തത്.
2017 മെയ് മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി സെക്ഷൻ 447 പ്രകാരം ആനന്ദ് പട്ടേലിന് മൂന്ന് മാസം വരെ തടവും 500 രൂപ വരെ പിഴയും ശിക്ഷ നൽകാമെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്നാൽ, ഒരു താക്കീത് എന്ന നിലയ്ക്കാണ് കുറഞ്ഞ ശിക്ഷ വിധിക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.
അതേസമയം കേസ് രാഷ്ട്രീയ പകപോക്കലാണ് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.












