പാലക്കാട് : കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയാൻ വനിതകളുടെ സഹായം തേടി ബിവറേജസ് കോർപറേഷൻ. മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് ടെൻഡർ ക്ഷണിച്ചത്.
വടകരപ്പതി, പുതുശ്ശേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ സൊസൈറ്റികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചത്. തുടർന്ന് ഒരു കെയ്‌സിൽ 9 ലീറ്ററെന്ന കണക്കുവച്ച് 4.5 ലക്ഷം ലിറ്റർ മദ്യം മണ്ണിൽ ഒഴിച്ചുകളഞ്ഞു. കഴിഞ്ഞ തവണ 50,000 കെയ്‌സ് മദ്യം ഇവിടെ നശിപ്പിച്ചിരുന്നു.
കാലാവധി കഴിഞ്ഞതിൽ ഭൂരിഭാഗവും ബീയറും വിലകൂടിയ മദ്യവുമാണ്. കാലാവധിക്കു ശേഷം ബീയറിൽ നിറംമാറ്റവും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ഇവ നശിപ്പിക്കുന്നത്. കാലാവധി കഴിഞ്ഞതിന്റെ എണ്ണം കൃത്യമായി തയാറാക്കി എക്‌സൈസ് കമ്മിഷണർക്ക് സമർപ്പിച്ച ശേഷം പ്രത്യേക അനുമതിയോടെയാണ് ഇവ നശിപ്പിക്കുക.











