ശ്രീജ നായർ
യഥാർത്ഥ സത്യഗ്രഹിയെ മറന്നു….!!??
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം പൊടിപൊടിക്കുമ്പോൾ വേണ്ടപ്പെട്ടവർ മറന്നുപോയ ( മനഃപൂർവമോ…) ഒരു പേരുണ്ട്…
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ പഞ്ചായത്തിൽ കുരട്ടിശ്ശേരി വില്ലേജിൽ കാഞ്ഞിക്കൽ വീട്ടിൽ ഡോ. കെ. വേലായുധ പണിക്കർ.. വൈക്കം സത്യഗ്രഹത്തിൻ്റെ പേരിൽ ആദരിക്കപ്പെടേണ്ട യഥാർത്ഥ പോരാളി. അധികാരികളുടെ പിന്നാലെ പോയി പേരും പ്രശസ്തിയും അടയാളപ്പെടുത്തി വാങ്ങാൻ അവകാശികൾ മിനക്കെടാതെ പോയത് കൊണ്ട്, ഇന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ നടക്കുമ്പോൾ ഇങ്ങ് മാന്നാറിൽ സ്വന്തം നാടിനു വേണ്ടി സർവതും സമർപ്പിച്ച ആ മഹാൻ്റെ ആത്മാവ് നിശ്ശബ്ദം എല്ലാം നോക്കി കാണുന്നുണ്ടാവും.
മാന്നാർ കുരട്ടിശ്ശേരി വില്ലേജിൽ കാഞ്ഞിക്കൽ കുടുംബത്തിൽ 1897 ൽ ജനിച്ച ഡോ. കെ. വേലായുധ പണിക്കർ (കെ.വി.പണിക്കർ) പഠനത്തിന് ശേഷം ഹോമിയോ ഡോക്ടർ ആയി സേവനം ആരംഭിച്ചു. തൽസമയം തന്നെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങി. മധ്യ തിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു അന്ന് സമരം. ഡോ. കെ.വി.പണിക്കരുടെ കഴിവും വാക്ധോരണിയും കണ്ടറിഞ്ഞ് പട്ടം താണുപിള്ള, ടി.എം. വർഗീസ്, കെ.മാധവൻ എന്നിവർ മാന്നാറിൽ എത്തി അദ്ദേഹത്തെ സ്റ്റേറ്റ് കോൺഗ്രസിൻ്റെ 11 അംഗ ഉന്നത അധികാര സമിതിയിൽ നിയമിച്ചു. വൈക്കം സത്യഗ്രഹത്തിൻ്റെ മുന്നണി പോരാളി ആയി പൊരുതുമ്പോൾ ബ്രിട്ടീഷ് പട്ടാളത്തിൻ്റെ വലയം ഭേദിച്ച് അവരുമായി ഏറ്റുമുട്ടി. അതിൻ്റെ പ്രതികാരം എന്നോണം അന്ന് ഇദ്ദേഹത്തെ വൈക്കത്ത് നിന്നും തിരുവനന്തപുരം വരെ 169 കി.മി. ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ചു നടത്തി കൊണ്ട് പോയത് ചരിത്രമാണ്. ഒരു വർഷത്തെ ജയിൽവാസം കഴിഞ്ഞ് മോചിതനായപ്പോൾ തിരുവനന്തപുരം മുതൽ മാന്നാർ വരെ ഘോഷയാത്രയായി ആനയിച്ചു. തുടർന്ന് വിഷവർശേരിക്കര ഊരു മഠ മൈതാനത്ത് സംസ്ഥാന തല സ്വീകരണവും പൊതു സമ്മേളനവും നടത്തി.
പിന്നാക്ക ജനവിഭാഗങ്ങൾക്ക് വഴി നടക്കാൻ, സ്കൂളിൽ പഠിക്കാൻ തുടങ്ങിയ കാര്യങ്ങൾ മുന്നോക്കക്കാരെ ഭീഷണിപ്പെടുത്തി നേടിക്കൊടുത്തു. തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ പ്രവേശനാനുമതി ക്കായി പോരാടി. ഒരു അവർണ്ണ ബാലനെ തോളിൽ ഇരുത്തിയാണ് അദ്ദേഹം അമ്പലത്തിൽ കയറിയത്. മാന്നാറിൽ ജവഹർ ലാൽ നെഹ്റുവിനെ കൊണ്ട് വന്നു പ്രസംഗിപ്പിച്ചതും ഡോ. കെ.വി.പണിക്കർ തന്നെ. പട്ടിക ജാതി വിഭാഗങ്ങൾക്കായി പൊതു കിണറുകളും സ്കൂളുകളും സ്ഥാപിച്ചു. സൗജന്യ ചകിത്സ നടത്തി. അന്നത്തെ കൊല്ലം ജില്ല ഹരിജൻ കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്നു അദ്ദേഹം. ദളിതർക്ക് വേണ്ടി മിശ്ര വിവാഹം, പന്തി ഭോജനം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. വസൂരി,കോളറ, എന്നിവ പടർന്ന് പിടിച്ചപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ പാവുക്കര,പരുമല, പൊതുവൂർ, ബുധനൂർ, വെണ്മണി എന്നിവിടങ്ങളിൽ സേവനം ചെയ്തു.
1944 ൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുമ്പോൾ രാത്രി ബ്രിട്ടീഷ് പട്ടാളം വളഞ്ഞു. അവരുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുമ്പോൾ സർപ്പ ദംശനം ഏറ്റാണ് മരണം.
ഭാര്യ വിഷവർശേരിക്കര മൂന്നേത്തു വീട്ടിൽ പരേതയായ കുഞ്ഞിക്കുട്ടി അമ്മയ്ക്ക് സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ കിട്ടിയിരുന്നതാണ് ഏക അംഗീകാരം. മക്കൾ പരേതരായ ഭാസ്കരൻ നായർ, വി. ഭാർഗ്ഗവൻ, എം.സി. സുഖദേവൻ നായർ, വസന്തകുമാരി അമ്മ. രവീന്ദ്ര നാഥൻ നായർ മാത്രമാണ് ശേഷിക്കുന്നത്.
നാടിനു വേണ്ടി സർവതും സമർപ്പിച്ച ഈ ധീര ദേശാഭിമാനിയെ നാടിൻ്റെ ചരിത്രത്തിൽ ഒരിടത്തും അടയാളപ്പെടുത്തിയിട്ടില്ല. എങ്കിലും ഡോ. കെ.വി. പണിക്കർ എന്ന പേര് ചരിത്രത്തിൽ നിന്നും വെട്ടി മാറ്റാൻ ആരാലും സാധിക്കില്ല എന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ….
NB: എൻ്റെ പിതാമഹനാണ് ഡോ. കെ.വി. പണിക്കർ.🙏
Discussion about this post