ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ മുംബൈ-ഗോവ നാഷണൽ ഹൈവേ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പൻവേലിൽ നടന്ന പലസ്പെ-ഇന്ദുപൂർ ദേശീയ പാതയുടെ ഭൂമി പൂജ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 63.9 കിലോമീറ്റർ ദൈർഘ്യമുള്ള 414.68 കോടി രൂപയുടെ മൂന്ന് പദ്ധതികൾക്കാണ് ഇന്ന് ആരംഭം കുറിച്ചത്.
മുംബൈ-ഗോവ ദേശീയ പാത ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കുമെന്നും ഇത് കൊങ്കൺ പ്രദേശത്തിന്റെ വികസന സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ 66 ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് മുംബൈ-ഗോവ ഹൈവേ. റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിലൂടെ ഈ പ്രദേശത്തെ പ്രശസ്തമായ പഴങ്ങളും മറ്റ് ഉൽപ്പന്നങ്ങളും മറ്റ് പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന്റെ സൗകര്യം വർദ്ധിപ്പിക്കും. ഇത് വികസനത്തിന് ഉത്തേജനം നൽകുമെന്നും ഗഡ്കരി പറഞ്ഞു. പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചു, ഇപ്പോൾ ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജവഹർലാൽ നെഹ്റു പോർട്ടിലൂടെ കടന്നുപോകുന്ന 13,000 കോടി രൂപയുടെ മോർബെ-കരഞ്ചാഡെ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനവും അദ്ദേഹം നടത്തി. ഇത് മുംബൈയ്ക്കും ഡൽഹിക്കും ഇടയിലുള്ള ദൂരം 12 മണിക്കൂറായി കുറയ്ക്കും. കൂടാതെ, 1,200 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കലംബോലി ജംഗ്ഷൻ, 1146 രൂപ ചെലവിൽ നിർമ്മിക്കുന്ന പഗോട്ട് ജംഗ്ഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post