ന്യൂഡൽഹി: രാത്രി ഉറങ്ങുമ്പോൾ കൊതുക് വരാതിരിക്കാൻ വേണ്ടി കത്തിച്ച് വച്ച കൊതുകുതിരിയിൽ നിന്നുള്ള പുക ശ്വസിച്ച് പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. കൊതുകുതിരി രാത്രി മുഴുവൻ കത്തിച്ചപ്പോഴുണ്ടായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. കുടംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ശാസ്ത്രി പാർക്കിലെ മസർ വാലയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
രാവിലെ ഒൻപത് മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസെത്തിയാണ് വീട്ടിലുള്ള ഒൻപത് പേരെയും ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ആറ് പേരുടേയും മരണം സ്ഥിരീകരിച്ചു.
വീടിന്റെ വാതിലുകളും ജനലുകളും അടച്ചുപൂട്ടിയാണ് വീട്ടുകാർ കൊതുകുതിരി കത്തിച്ചത്. ഇതോടെ മുറിയിലാകെ പുക നിറഞ്ഞുവെന്നും, വലിയതോതിൽ മുറിയിൽ നിറഞ്ഞ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നും നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Discussion about this post