തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. നിർമാണ പെർമിറ്റ് ഫീസിന് പുറമെ അപേക്ഷാ ഫീസിന് സ്‌ക്രൂട്ട്‌നി ഫീസ് എന്നിവയും വർദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തദ്ദേശ വകുപ്പ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ഏപ്രിൽ 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഗ്രാമപഞ്ചായത്തിന് കീഴിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് 300 രൂപയാണ് അപേക്ഷാഫീസ്. 300 ചതുരശ്ര മീറ്റർ വരെ 1000 രൂപയും 300 ചതുരശ്ര മീറ്ററിനു മുകളിൽ 3000 രൂപയുമാണ്. മുനിസിപ്പാലിറ്റിയിൽ യഥാക്രമം 300, 1000, 4000 എന്നിങ്ങനെയും കോർപ്പറേഷനിൽ 300, 1000, 5000 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ഫീസ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധന നടപ്പാക്കുന്നത്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാകും.












