സുൽത്താൻ ബത്തേരി: വയനാട് ബത്തേരിയിൽ നിന്ന് പിടികൂടിയ പിഎം2 കാട്ടാനയെ തിരികെ വിടാൻ വനംവകുപ്പ് ആലോചന. മൃഗസ്‌നേഹികളുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഇതിന്റെ സാധ്യത പരിശോധിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. എന്നാൽ ആനയെ മുത്തങ്ങയിൽ തന്നെ പാർപ്പിക്കണമെന്നും പുറത്ത് വിടാനാണ് തീരുമാനമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ രണ്ട് പേരെ കൊന്ന പിഎം-2നെ കഴിഞ്ഞ ഡിസംബറിലാണ് തമിഴ്‌നാട് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് സത്യമംഗലം കാട്ടിൽ തുറന്ന് വിട്ടത്. എന്നാൽ ജനവാസമേഖലയിലെത്തിയ ആന വീട് തകർത്തും അരി തിന്നും കൃഷിയിടങ്ങൾ നശിപ്പിച്ചും ഭീതി പരത്തി. ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ചതിന് പിന്നാലെയാണ് പിഎം2വിനെ ജനുവരി 9ന് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്.
മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലടച്ച പിഎം2 പാപ്പാന്മാരുടെ ശിക്ഷണത്തിൽ മെരുങ്ങിത്തുടങ്ങി. കൂടിന് പുറത്തിറക്കി കുങ്കിയാന പരിശീലനം നടക്കുന്നതിനിടെയാണ് ആനയെ തിരികെ കാട്ടിലേക്ക് വിടണമെന്ന ആവശ്യവുമായി പരിസ്ഥിതിപ്രവർത്തകരും മൃഗസ്‌നേഹികളും രംഗത്തെത്തിയത്. ഇതോടെയാണ് തിരികെ കാട്ടിൽ വിടാനുള്ള സാധ്യത പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
പാലക്കാട് വൈൽഡ് ലൈഫ് സിസിഎഫ് ചെയർമാനായി അഞ്ചംഗ കമ്മിറ്റിയെ ആണ് നിയോഗിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഗംഗാസിംഗ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആനയെ കൂട്ടിലിട്ട് പീഡിപ്പിക്കാതെ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ കാട്ടിൽ തുറന്ന് വിടണമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം.
Discussion about this post