ജോർജിയ: ഹിന്ദുഫോബിയയെ അപലപിച്ച് പ്രമേയം പാസാക്കി ജോർജിയ അസംബ്ലി. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമാണ് ജോർജിയ. ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി പ്രമേയത്തിൽ പറയുന്നു. 100ലധികം രാജ്യങ്ങളിലായി 1.2 ബില്ല്യണിലധികം ആളുകൾ പിന്തുടരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതങ്ങളിലൊന്നാണ് ഹിന്ദുമതം. പരസ്പര ബഹുമാനം, സമാധാനം എന്നീ മൂല്യങ്ങളും, വൈവിധ്യമാർന്ന പാരമ്പര്യങ്ങളും വിശ്വാസ സമ്പ്രദായങ്ങളും ഉൾപ്പെടുന്ന മതമാണിതെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.
ഫോർസിത്ത് കൗണ്ടിയിൽ നിന്നുള്ള ലോറൻ മക്‌ഡൊണാൾഡ് ടോഡ് ജോൺസ് എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. ജോർജിയയിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നാണ് ഹിന്ദു മതവിഭാഗം. മെഡിസിൻ, സയൻസ്, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, വിദ്യാഭ്യാസം, നിർമ്മാണരംഗം, റീട്ടെയിൽ വ്യാപാരം തുടങ്ങീ വിവിധ മേഖലകളിൽ അമേരിക്കൻ-ഹിന്ദു സമൂഹം വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാണിച്ചു.
യോഗ, ആയുർവേദം, മെഡിറ്റേഷൻ, ഭക്ഷണം, സംഗീതം തുടങ്ങീ ഹിന്ദു വിഭാഗം നൽകിയ സംഭാവനകൾ അമേരിക്കൻ സമൂഹത്തിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായകരമായി. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി അമേരിക്കയിലെ ഹിന്ദു വിഭാഗത്തിനെതിരായി വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്നുണ്ട്.
ഹിന്ദുഫോബിയ പ്രചരിപ്പിക്കാനും, ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥങ്ങളെ മോശമായി ചിത്രീകരിക്കാനും അക്കാദമിക രംഗത്തുള്ള ചിലരും ശ്രമിക്കുന്നുണ്ട്. അക്രമത്തിന്റേയും അടിച്ചമർത്തലിന്റേയും ഈ രീതികൾ അവസാനിപ്പിക്കേണ്ടതാണെന്നും പ്രമേയത്തിൽ പറയുന്നു. ഹിന്ദു സമൂഹത്തിന്റെ ആശങ്കകൾ മനസ്സിലാക്കി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വിവേചനത്തിൽ നിന്ന് സംരക്ഷിക്കുമെന്നും സഭയിലെ അംഗങ്ങൾ പ്രതിജ്ഞ ചെയ്തു.
Discussion about this post