ആഗോളതലത്തിൽ കേരളത്തിന് പ്രശസ്തി നേടിക്കൊടുത്ത വിഭവങ്ങളിൽ ഒന്നാണ് മറയൂർ ശർക്കര. ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ മറ്റൊരു കാർഷിക ഉൽപ്പന്നമാണ് മറയൂർ ശർക്കര. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലായി 900 ത്തോളം കർഷകർ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര, പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്നവയാണ്.
ഒരു കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ശർക്കര വാങ്ങുന്നതിനായി ആളുകൾ മറയൂരിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് മുൻവർഷങ്ങളെ അപേക്ഷിച്ച് ശർക്കരയുടെ ഉത്പാദനത്തിലും വിപണനത്തിലും ഗണ്യമായ കുറവാണു ഉണ്ടായിരിക്കുന്നത്. ശർക്കര നിർമാണത്തിൽ ഏർപ്പെട്ടിരുന്ന പലരും ഈ മേഖലയിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.
മറ്റു പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി മറയൂർ കാന്തല്ലൂർ പ്രദേശത്ത് വർഷം മുഴുവൻ കരിമ്പ് കൃഷി ചെയ്യുന്നു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ശർക്കരയുടെ മധുരവും ഗുണങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. തീർത്തും പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉൽപാദനം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു.പിന്നീട് ഇത് യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു.
1000 ലിറ്റർ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തെ കൊപ്രയെന്നാണ് വിളിക്കുന്നത്. ഈ കൊപ്ര അടുപ്പിൽ വച്ചു ചൂടാക്കുന്നു. ചൂടായി വരുമ്പോൾ കുറച്ച് കുമ്മായം ചേർക്കുന്നു. മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റുന്നു. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.സാധാരണയിൽ നിന്നും വ്യത്യസ്തമായി മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ് .ഇതിൽ സോഡിയത്തിന്റെ അളവ് കുറവും കല്ല്, ചെളി മുതലായവ കുറവുമാണ്. മറ്റു ശർക്കരയേക്കാൾ ഉപ്പിന്റെ അംശം കുറവും മധുരം കൂടുതലുമാണ്.
എന്നാൽ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ആവശ്യത്തിന് ചെലവില്ല ഈ ഉത്പന്നത്തിനു . അതിനാൽ തന്നെ വിപുലമായ മാർക്കറ്റിംഗ് പദ്ധതികളിലൂടെ ശർക്കര വിപണി തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ ആളുകൾ.ശർക്കര നിർമാണം കാണാനും ഉൽപ്പന്നങ്ങൾ വാങ്ങാനുമായി ധാരാളം ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. ഈ സന്ദർശനവും വരുമാനമാർഗമാക്കി മാറ്റാവുന്നതാണ്.
Discussion about this post