ന്യൂഡൽഹി : പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിക്കൊള്ളൂ എന്ന് രാജ്യത്തെ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയും പാകിസ്താനുമായുള്ള അതിർത്തികളിലെ അവസ്ഥ വിലയിരുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ എന്തിനും തയ്യാറാണ് എന്ന സൂചന കൂടിയാണ് പ്രധാനമന്ത്രി ഇതിലൂടെ നൽകിയത്. ഭോപ്പാലിൽ നടന്ന സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏത് വെല്ലുവിളിയും നേരിടാൻ സായുധ സേനയെ ആവശ്യമായ ആയുധങ്ങളും സാങ്കേതിക വിദ്യകളും സജ്ജീകരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. കോൺഫറൻസിൽ നടന്ന വിവിധ ചർച്ചകളെ കുറിച്ച് പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ പ്രധാനമന്ത്രിക്ക് വിശദീകരിച്ചുനൽകി. രാഷ്ട്രനിർമ്മാണത്തിലും, സുഹൃദ് രാജ്യങ്ങൾക്ക് മാനുഷിക സഹായവും ദുരന്തനിവാരണ സഹായവും നൽകുന്നതിലും മുന്നിൽ നിൽക്കുന്ന സായുധ സേനയെ അദ്ദേഹം അഭിനന്ദിച്ചു.
സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസിൽ പങ്കെടുത്തതായും ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു.
സൈനികർ, വ്യോമസേനാംഗങ്ങൾ, നാവികർ എന്നിവരുടെ പങ്കാളിത്തത്തോടെ ‘മൾട്ടി-ലേയേർഡ് സെഷനുകൾ’ നടത്തിയിരുന്നു. വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ചെയ്തു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ‘ആത്മനിർഭർ ഭാരത്’ എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് സർക്കാരിന് പിന്തുണ നൽകുന്നതിലുമുള്ള സായുധ സേനയുടെ വിലപ്പെട്ട സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
സെഷന്റെ അവസാന ദിവസം ഡിജിറ്റൈസേഷന്റെ, സൈബർ സുരക്ഷ, സോഷ്യൽ മീഡിയയുടെ വെല്ലുവിളികൾ, ആത്മനിർഭർതം, അഗ്നിവീറുകളുടെ സ്വാംശീകരണം, തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Discussion about this post