കൊച്ചി: സാധാരണക്കാരന് നേരെ വീണ്ടും അതിക്രമവുമായി പോലീസ്. എറണാകുളത്താണ് സംഭവം. കാക്കനാട് സ്വദേശിയായ റിനീഷിനെയാണ് എറണകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അകാരണമായി മർദ്ദിച്ചത്. നോർത്ത് പാലത്തിന് താഴെ നിൽക്കുമ്പോൾ എസ്എച്ച്ഒ മുഖത്തടിച്ചെന്നാണ് പരാതി. ലാത്തികൊണ്ട് കാലിൽ അടിച്ചെന്നും യുവാവ് പറയുന്നു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. നോർത്ത് പാലത്തിന് താഴെ ഇരിക്കുകയായിരുന്ന തന്നോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു.കാക്കനാടു നിന്നാണെന്ന് പറഞ്ഞു. കാക്കനാടുള്ളവൻ എറണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു. ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ലാത്തികൊണ്ട് അടിച്ചു. വെറുതെ എന്നെ അടിക്കല്ലേ എന്നു പറഞ്ഞപ്പോൾ മുഖത്തടിച്ചു. നാലുതവണ അടിച്ചുവെന്ന് യുവാവ് പറയുന്നു.
വേദനകൊണ്ട് അവിടെ കിടന്ന് കരഞ്ഞു. തെറ്റ് ചെയ്തിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. സാധാരണക്കാരണെങ്കിൽ ഇങ്ങനെ തല്ലിക്കൊല്ലാമെന്ന രീതിയാണ് അവർക്ക്. ശേഷം പോലീസ് സ്റ്റേഷനിൽ കാണ്ടുപോയി. അവിടെ വച്ച് ഛർദിച്ചു. തല മരവിച്ചു. തലകറക്കം ഉണ്ടായി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ ഉണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. വൈകിട്ട് അഞ്ചുമണി ആയപ്പോഴാണ് തിരികെ വിട്ടത്. തന്റെ പേരിൽ കേസെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, കേസൊന്നും എടുത്തിട്ടില്ലെന്നും നിന്നെ വെറുതെ നോക്കാൻ വേണ്ടി ഇരുത്തിയതാണെന്നും പറഞ്ഞുവെന്ന് യുവാവ് വെളിപ്പെടുത്തി.
മാൻപവർ സപ്ലെയുമായി ബന്ധപ്പെട്ട കമ്പനിയില ജീവനക്കാരനാണ് റിനീഷ്.റെയിൽവേ സ്റ്റേഷനിലും മറ്റും ജോലി തേടിവരുന്നവരുമായി സംസാരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് റിനീഷ് പറയുന്നത്.
അതേസമയം നോർത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വിൽപ്പനയടക്കമുള്ള കാര്യങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയപ്പോൾ റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നാണ് നോർത്ത് പോലീസിന്റെ വാദം.












