ബംഗളൂരു: ബ്രിട്ടനിലും മറ്റ് വിദേശരാജ്യങ്ങളിലും ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ദേശീയ പതാക താഴെ ഇറക്കിയത് അംഗീകരിക്കുന്ന ഇന്ത്യയല്ല ഇതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ഹൈക്കമ്മീഷൻ കെട്ടിടത്തിന് മുകളിൽ വലിയ ത്രിവർണ പതാക ഉയർത്തിയത,് ബ്രീട്ടീഷുകാർക്കുള്ള മറുപടി കൂടിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ ഹൈക്കമ്മീഷൻ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ ഹൈക്കമ്മീഷണർ ആദ്യം ചെയ്തത് വലിയ ത്രിവർണ പതാക സംഭവസ്ഥലത്ത് എത്തിക്കുകയും അത് കെട്ടിടത്തിന് മുകളിൽ തന്നെ സ്ഥാപിക്കുകയും ചെയ്തതാണ്. ഇത് ഖാലിസ്ഥാനികൾ എന്ന് വിളിക്കപ്പെട്ടവരോട് മാത്രമുള്ള മറുപടിയായിരുന്നില്ല. ” ഇത് എന്റെ പതാകയാണെന്നും ആരെങ്കിലും അതിനെ അനാദരിക്കാൻ ശ്രമിച്ചാൽ പതാക കൂടുതൽ വലുതാകുമെന്നുമുള്ള ബ്രിട്ടീഷുകാർക്കുള്ള മറുപടി കൂടിയായിരുന്നു. അതായത്, ഇന്ന് വ്യത്യസ്തമായ ഒരു ഇന്ത്യയുണ്ടെന്നും വളരെ ഉത്തരവാദിത്തമുള്ളതും ഉറച്ചതുമായ ഒരു രാജ്യമാണെന്നുമുള്ള ഓർമ്മപ്പെടുത്തലായിരുന്നുവെന്ന് എസ് ജയ്ശങ്കർ വ്യക്തമാക്കി.
” എംബസികൾ എവിടെയാണെങ്കിലും നയതന്ത്രജ്ഞർക്കും എംബസികൾക്കും സുരക്ഷ നൽകേണ്ടത് അതത് രാജ്യങ്ങളുടെ ധാർമ്മിക ബാദ്ധ്യതയും കടമയുമാണെന്ന് ഇന്ത്യക്കറിയാം. ഇന്ത്യ ഒരുപാട് എംബസികൾക്ക് സുരക്ഷ നൽകുന്നുണ്ട്. രാജ്യങ്ങൾ സുരക്ഷ നൽകാൻ തയ്യാറാവാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും തീർച്ചയായും പ്രതികരണമുണ്ടാവുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
”ലണ്ടൻ, കാനഡ, സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടായി. അവിടെ വളരെ ചെറിയ ഒരു ന്യൂനപക്ഷമുണ്ട്, ആ ന്യൂനപക്ഷത്തിന് പിന്നിൽ നിരവധി താൽപ്പര്യങ്ങളുണ്ട്, ചില താൽപ്പര്യങ്ങൾ അയൽക്കാരുടേതാണ്, ഏതാണെന്ന് നിങ്ങൾക്കറിയാം” എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post