
ജന്മനാ കൈകാലുകള്‍ ഇല്ലാത്ത അവസ്ഥയിൽ മാതാപിതാക്കള്‍ പോലും ഉപേക്ഷിച്ച നിക്ക് വുജിസിക് ഇന്ന് ലോകമറിയുന്ന പ്രചോദന പ്രഭാഷകനാണ്. ചെറിയ പരിമിതികൾ പോലും ആളുകളെ അശക്തരാക്കുമ്പോൾ സ്വന്തം ഇച്ഛാശക്തി കൈമുതലാക്കി മുന്നേറുകയാണ് നിക്ക്. 41 വയസുള്ള നിക്ക് 1982 ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ നിക്ക് വുജിസിക്ക് പിറന്നു വീണപ്പോള്‍ അമ്മ കുഞ്ഞിനെ കാണാന്‍ പോലും വിസമ്മതിച്ചു. കാരണം കൈകാലുകൾ ഇല്ലാതെയാണ് ആ കുഞ്ഞു പിറന്നത് എന്നത് തന്നെ.
എന്നാൽ സാവധാനം കാര്യങ്ങൾ മനസിലാക്കിയ അവർ കുഞ്ഞിനെ സാധാരണ കുഞ്ഞിനെപ്പോലെ കാണാൻ തുടങ്ങി. സ്‌കൂളിൽ ചേരാൻ പ്രായമായപ്പോൾ സ്‌കൂളിൽ ചേർത്തു. കൈകാലുകള്‍ ഇല്ലാതെ പ്രത്യേക രീതിയില്‍ സഞ്ചരിച്ച് ക്ലാസ് മുറികളില്‍ എത്തുന്ന നിക്ക് ഏറെ വേദനനൽകുന്ന കാഴ്ചയായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ സഹപാഠികളിൽ നിന്നും പലവിധ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.ശാരീരിക വൈകല്യത്തെ ചൊല്ലിയുള്ള അപമാനവും സങ്കടവും നിമിത്തം ആത്മഹത്യ ചെയ്യാന്‍ വരെ നിക്ക് ശ്രമിച്ചു.
എന്നാൽ എങ്ങനെയൊക്കെയോ നിക്ക് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബിരുദപഠനത്തിന് ചേര്‍ന്നു.ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ നിന്നും തന്റെ 21 ആം വാട്‌സസില്‍ കൊമേഴ്‌സില്‍ ബിരുദം നേടി . പഠനം പൂർത്തിയാക്കിയതോടെ സ്വയം തോല്‍ക്കാന്‍ നമ്മള്‍ തയ്യാറാകുന്നത് വരെ ഒരു വൈകല്യത്തിനും നമ്മെ തോല്‍പ്പിക്കാനാവില്ല എന്ന സത്യം നിക്ക് മനസിലാക്കി. പ്രചോദന പ്രഭാഷകനായി നിക്ക് മാറുന്നത് ആ തിരിച്ചറിവിൽ നിന്നുമാണ്.
തന്റെ ജീവിതത്തെ മുൻനിർത്തി നിക്ക് സംസാരിച്ചപ്പോൾ ഒക്കെ ജനങ്ങൾ അതേറ്റെടുത്തു. തന്റെ വാക്കുകളില്‍ നിന്നും മറ്റുള്ളവര്‍ പ്രചോദനം നേടുന്നുണ്ട് എന്ന് മനസിലാക്കിയതോടെ നിക്കിനെ ബുദ്ധിമുട്ടിച്ച നിരാശയും ഏകാന്തതയും മെല്ലെ പടിയിറങ്ങി. അടുത്തഘട്ടമായി നിക്ക് യാത്രകൾ ചെയ്തു. ധാരാളം പുസ്തകങ്ങള്‍ വായിച്ചു. പരിചയപ്പെടുകന്ന ഓരോ വ്യക്തിയില്‍ നിന്നും നിക്ക് ഓരോ പുതിയ കാര്യങ്ങള്‍ പഠിച്ചെടുത്തു. ഇമോഷനുകള്‍ മനുഷ്യനെ ഏതെല്ലാം വിധത്തില്‍ കീഴടക്കുന്നു എന്നും എങ്ങനെ അതിരുവിട്ട ചിന്തകള്‍ ഒരു വ്യക്തിയുടെ ജീവിതവിജയത്തെ ബാധിക്കുന്നു എന്നും നിക്ക് പഠിച്ചു.
നിക്കിന്റെ പ്രചോദന പ്രഭാഷണങ്ങളുടെ തുടക്കം ആരാധനാലയങ്ങളിൽ നിന്നുമായിരുന്നു . പിന്നീട് ആളുകൾ കൂടുന്നിടത്തൊക്കെ നിക്ക് സംസാരിച്ചു തുടങ്ങി. താമസിയാതെ ആളുകള്‍ ടിക്കെറ്റെടുത്ത് കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നായി മാറി നിക്കിന്റെ പ്രഭാഷണം.കോളേജുകളില്‍ നിന്നും സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും ധാരാളം അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. നിക്ക് ഇപ്പോള്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ജീവിതത്തിലെ പലവിധ വെല്ലുവിളികളും നേരിടാന്‍ പ്രാപ്തമാക്കും വിധമുള്ള മോട്ടിവേഷന്‍ ക്ലാസുകള്‍ നൽകുന്ന ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരാളാണ്.
അംഗപരിമിതരായ ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതിനും മുന്നോട്ടുള്ള ജീവിതത്തിനായി അവർക്ക് പരിശീലനം ലഭിക്കുന്നതിനുമായി നിക്ക് ആരംഭിച്ച സ്ഥാപനമാണ് ലൈഫ് വിതൗട്ട് ലിംബ്‌സ്. 2007 ആറ്റിട്യൂട് ഈസ് ആറ്റിട്യൂട് എന്ന പേരില്‍ മോട്ടിവേഷണല്‍ സ്പീക്കിംഗ് കമ്പനി ആരംഭിച്ചു.അംഗവൈകല്യം ഉണ്ടെന്നതിനാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടും എന്ന് നാട്ടുകാര്‍ വിധിയെഴുതിയ നിക്ക് ഏകദേശം 57 രാജ്യങ്ങളില്‍ യാത്ര ചെയ്യുകയും 400 ദശലക്ഷത്തോളം ആളുകളുമായി തന്റെ ജീവിത കഥ പങ്കുവയ്ക്കുകയും ചെയ്തു. ഇച്ഛാശക്തിയുണ്ടെങ്കിൽ വിജയം ആർക്കും കയ്യെത്തിപ്പിടിക്കാം എന്നതിനുള്ള ഉദാഹരണമാണ് നിക്കിന്റെ ജീവിതം.













Discussion about this post