സൈനികരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി ഇന്ത്യൻ സെെന്യം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇത് കാണാനും നിരീക്ഷിക്കാനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾക്ക് (Engagement) കർശന നിരോധനം തുടരും.
ഡയറക്ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസ് (DGMI) പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു. വിദേശ ചാര ഏജൻസികൾ സൈനികരെ ലക്ഷ്യമിടുന്ന ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം. പുതുക്കിയ നയമനുസരിച്ച് ഇൻസ്റ്റഗ്രാമിനെ ‘വ്യൂ-ഒൺലി’ (View-only) മോഡിലാണ് അനുവദിച്ചിരിക്കുന്നത്. ഇതിനെ ‘നിഷ്‌ക്രിയ പങ്കാളിത്തം’ എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്.
ഉള്ളടക്കം കാണാനും വിവരങ്ങൾ ശേഖരിക്കാനും മാത്രമേ അനുവാദമുള്ളൂ.സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിനോ, കമന്റ് ചെയ്യുന്നതിനോ അനുമതിയില്ല.
ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാനോ മറ്റുള്ളവരുടെ പോസ്റ്റുകളോട് പ്രതികരിക്കാനോ (Like/React) പാടില്ല.സുരക്ഷിതമായ ഉപയോഗത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അതത് സൈനികനായിരിക്കും. എന്നിവയാണ് നിബന്ധനകൾ.
ഇൻസ്റ്റഗ്രാമിന് പുറമെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
വാട്സാപ്പ്, സ്കൈപ്പ്: പൊതുവായ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കാം.
ടെലഗ്രാം, സിഗ്നൽ: പരിചയമുള്ള ആളുകളുമായി മാത്രം ആശയവിനിമയം നടത്താം. സന്ദേശം അയക്കുന്നയാളെ കൃത്യമായി തിരിച്ചറിയേണ്ട ഉത്തരവാദിത്തം സൈനികനാണ്.
യൂട്യൂബ്, എക്സ് (X), ക്വോറ: വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കാം. എന്നാൽ സ്വന്തം നിലയിൽ ഉള്ളടക്കങ്ങളോ സന്ദേശങ്ങളോ അപ്‌ലോഡ് ചെയ്യാൻ പാടില്ല.
ലിങ്ക്ഡ്ഇൻ: ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബയോഡാറ്റ അപ്‌ലോഡ് ചെയ്യാൻ മാത്രമേ അനുവാദമുള്ളൂ.
സൈനിക വിവരങ്ങൾ ചോരുന്നത് തടയാൻ വിപിഎൻ (VPN), ടോറന്റ് വെബ്‌സൈറ്റുകൾ, ക്രാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകൾ, അജ്ഞാത വെബ് പ്രോക്സികൾ എന്നിവ ഉപയോഗിക്കരുതെന്ന് സൈന്യം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ യുഗത്തിൽ സൈനികർക്ക് അറിവ് നേടാനുള്ള അവസരം നൽകുന്നതോടൊപ്പം തന്നെ സൈന്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് സൈന്യം കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. വിദേശ ഏജൻസികൾ സോഷ്യൽ മീഡിയ വഴി സൈനികരെ പ്രലോഭിപ്പിച്ച് രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സൈന്യം നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്.













Discussion about this post