വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ മാരകമായ പ്രഹരമേൽപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മേഖലയിലെ ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള ഭീകരരുടെ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ സൈനിക നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ആക്രമണ വിവരം പുറത്തുവിട്ടത്. കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ തന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ‘Department of War’ നിരവധി പെർഫെക്റ്റ് സ്ട്രൈക്കുകൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. “ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നരകം അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ ഇവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാത്രി അത് സംഭവിച്ചു,” ട്രംപ് കുറിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
നൈജീരിയയിൽ വർഷങ്ങളായി തുടരുന്ന ക്രൈസ്തവ പീഡനത്തിൽ ട്രംപ് മുൻപേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം നൈജീരിയയെ അമേരിക്ക ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (CPC) ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ പങ്കുള്ളവർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള സൈനിക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
അമേരിക്കയുടെ ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോഴും നൈജീരിയൻ ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ക്രിസ്മസ് ദിനത്തിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലും കത്തിലും നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.”നിങ്ങളുടെ പ്രസിഡന്റ് എന്ന നിലയിൽ, നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും വ്യത്യസ്ത മതങ്ങളിലുള്ള എല്ലാ ആളുകളെയും അക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” ടിനുബു തന്റെ പ്രസ്താവനയോടൊപ്പം ചേർത്ത കത്തിൽ പറഞ്ഞു.”2023-ൽ ഞാൻ അധികാരമേറ്റതുമുതൽ, നമ്മുടെ രാജ്യത്തിന്റെ സുരക്ഷ, ഐക്യം, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയെക്കുറിച്ച് ഞാൻ നൈജീരിയക്കാർക്ക് നിരന്തരം ഉറപ്പ് നൽകിയിട്ടുണ്ട്,” കത്തിൽ പറയുന്നു.
ക്രിസ്ത്യാനികൾ ആസൂത്രിതമായി പീഡിപ്പിക്കപ്പെടുന്നു എന്ന വാദത്തെ നൈജീരിയൻ സർക്കാർ തള്ളിക്കളഞ്ഞു, സായുധ സംഘങ്ങൾ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒരുപോലെ ലക്ഷ്യമിടുന്നുവെന്നും, അക്രമങ്ങളെ കേവലം ഒരു മതത്തിന്റെ മാത്രം പ്രശ്നമായി കാണുന്നത് സുരക്ഷാ സാഹചര്യത്തെ ലഘൂകരിക്കുന്നതിന് തുല്യമാണെന്ന് നൈജീരിയൻ അധികൃതർ പറഞ്ഞു. എന്നിരുന്നാലും, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ അമേരിക്കയുമായി സഹകരിക്കുമെന്ന് നൈജീരിയ അറിയിച്ചു.













Discussion about this post