സ്വപ്നങ്ങൾക്ക് റിട്ടയർമെന്റില്ല;50-ാം വയസ്സിൽ ഒരു സ്റ്റാർട്ടപ്പ് ! ആത്മവിശ്വാസത്തിന്റെ പേര് ഫാൽഗുനി നായർ
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗം എം.ഡി (Managing Director) എന്ന ഉന്നത പദവിയിൽ ഇരിക്കുമ്പോഴാണ് ഫാൽഗുനി ആ തീരുമാനം എടുക്കുന്നത്. മക്കൾ പഠനം കഴിഞ്ഞ് സ്വന്തം കാലിൽ നിൽക്കാൻ പ്രായമായി. ഇനി തനിക്കുവേണ്ടി ജീവിക്കാം എന്ന് വിചാരിക്കേണ്ട സമയത്താണ്, ഇന്ത്യയിൽ സ്ത്രീകൾക്ക് വിശ്വാസത്തോടെ മേക്കപ്പ് സാധനങ്ങൾ വാങ്ങാൻ ഒരിടമില്ലെന്ന സത്യം അവർ തിരിച്ചറിയുന്നത്.
അന്ന് ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിംഗ് എന്നാൽ വെറുമൊരു പരീക്ഷണം മാത്രമായിരുന്നു. “കണ്ണെഴുതുന്ന മഷിയും ചുണ്ടിലിടുന്ന ലിപ്സ്റ്റിക്കും നേരിട്ട് കാണാതെ ആരെങ്കിലും ഓൺലൈനിൽ വാങ്ങുമോ?” എന്ന പരിഹാസം എല്ലായിടത്തുനിന്നും ഉയർന്നു. പക്ഷേ, ഫാൽഗുനി കണ്ടത് മറ്റൊരു ഇന്ത്യയെയായിരുന്നു. വിരമിക്കലിന്റെ വിശ്രമവേളകളെക്കുറിച്ച് സ്വപ്നം കാണേണ്ട 50-ാം വയസ്സിൽ, ഒരു സ്ത്രീ തന്റെ കൈയിലിരുന്ന സുരക്ഷിതമായ കരിയറും കോടികളുടെ ശമ്പളവും ഉപേക്ഷിച്ച് കടലിലേക്ക് എടുത്തുചാടിയാൽ അതിനെ എന്ത് വിളിക്കണം? ആത്മഹത്യാപരം എന്നോ അതോ അതിസാഹസമെന്നോ? ലോകം എന്തുതന്നെ വിളിച്ചാലും, ഫാൽഗുനി നായർ അതിനെ വിളിച്ചത് ‘സ്വപ്നം’ എന്നായിരുന്നു.
ഇന്ത്യയിലെ ഓരോ സ്ത്രീയുടെയും കയ്യിൽ മികച്ച സൗന്ദര്യവർദ്ധക വസ്തുക്കൾ എത്തണം എന്നതായിരുന്നു അവരുടെ സ്വപ്നം. അന്ന് ഇന്ത്യയിൽ ലിപ്സ്റ്റിക്കോ മേക്കപ്പ് കിറ്റോ വാങ്ങണമെങ്കിൽ അടുത്തുള്ള ചെറിയ കടകളെ ആശ്രയിക്കേണ്ടിയിരുന്നു, അവിടെയാകട്ടെ നല്ല ബ്രാൻഡുകൾ കിട്ടുക അസാധ്യവും. ഈ വിടവ് നികത്താൻ അവർ തന്റെ 50-ാം വയസ്സിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ തീരുമാനിച്ചു— നൈക
തുടക്കം ഒട്ടും എളുപ്പമായിരുന്നില്ല. “ഈ പ്രായത്തിൽ എന്തിനാണ് ഇങ്ങനെയൊരു പരീക്ഷണം?” എന്ന് ചോദിക്കാത്തവർ കുറവായിരുന്നു. ഓൺലൈനിൽ ആരെങ്കിലും മേക്കപ്പ് സാധനങ്ങൾ വാങ്ങുമോ എന്നായിരുന്നു പ്രധാന സംശയം. എന്നാൽ ഫാൽഗുനി ഉറച്ചുനിന്നു. തന്റെ വീട്ടിലെ ഒരു ചെറിയ മുറിയിൽ നിന്നായിരുന്നു തുടക്കം. മക്കൾ അദ്വൈതയും അഞ്ചിതും അമ്മയ്ക്ക് കരുത്തായി കൂടെ നിന്നു.
പല വലിയ ബ്രാൻഡുകളും തുടക്കത്തിൽ നൈകയുമായി സഹകരിക്കാൻ വിമുഖത കാണിച്ചു. ഇൻവെസ്റ്റർമാർ പണം മുടക്കാൻ മടിച്ചു.വെബ്സൈറ്റ് ലോഞ്ച് ചെയ്ത ആദ്യ നാളുകളിൽ പലപ്പോഴും സെർവർ തകരാറിലാകുമായിരുന്നു. ഐടി ടീമിനൊപ്പം ഉറക്കമില്ലാത്ത രാത്രികൾ അവർ ചിലവഴിച്ചു.
തുടക്കത്തിൽ നല്ലൊരു ടീമിനെ കിട്ടാൻ പോലും പ്രയാസമായിരുന്നു. പാക്കിംഗ് മുതൽ കസ്റ്റമർ കെയർ വരെ എല്ലാ കാര്യങ്ങളിലും ഫാൽഗുനി നേരിട്ട് ഇടപെട്ടു. തന്റെ 50-ാം വയസ്സിൽ ഒരു തുടക്കക്കാരന്റെ ആവേശത്തോടെ അവർ പണിയെടുത്തു.. “നൈക” എന്ന തന്റെ സ്ഥാപനത്തെ ഓരോ ഇന്ത്യൻ സ്ത്രീയുടെയും പ്രിയപ്പെട്ട ഇടമാക്കി മാറ്റാൻ അവർ പകലന്തിയോളം അധ്വാനിച്ചു. വ്യാജ ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഗുണമേന്മയുള്ള സാധനങ്ങൾ മാത്രം സൈറ്റിൽ ലഭ്യമാക്കി അവർ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തു.
ഫാൽഗുനിയുടെ പോരാട്ടം വെറുതെയായില്ല. വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറിയ കടകൾക്കിടയിൽ ‘അസ്സൽ സാധനങ്ങൾ മാത്രം’ എന്ന ഉറപ്പ് നൈകയെ സ്ത്രീകൾക്കിടയിൽ പ്രിയപ്പെട്ടതാക്കി. വിശ്വാസമായിരുന്നു അവരുടെ മൂലധനം.
നൈക ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ഓൺലൈൻ സൈറ്റിൽ നിന്ന് തുടങ്ങി ഇന്ന് ഇന്ത്യയിലുടനീളം നൂറുകണക്കിന് ഫിസിക്കൽ സ്റ്റോറുകളുള്ള ഭീമൻ ബ്രാൻഡായി നൈക മാറി. 2021-ൽ നൈകയുടെ ഐപിഒ (IPO) വന്നപ്പോൾ വിപണി ഞെട്ടിപ്പോയി. ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത അന്ന് തന്നെ ഫാൽഗുനി നായർ ഇന്ത്യയിലെ ‘Self-made’ ശതകോടീശ്വരയായ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കി.ഇന്ന് നൈക വെറുമൊരു മേക്കപ്പ് ബ്രാൻഡ് മാത്രമല്ല. വസ്ത്രങ്ങൾ, പുരുഷന്മാർക്കുള്ള ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ എന്നിങ്ങനെ പല മേഖലകളിലായി നൈക പടർന്നു പന്തലിച്ചു കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ പെൺകുട്ടികൾക്ക് നൈക എന്നാൽ കേവലം ഒരു ആപ്പ് മാത്രമല്ല, അതൊരു ആത്മവിശ്വാസമാണ്.













Discussion about this post