സൈനിക-ഭരണ സംവിധാനങ്ങളിൽ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് പാക് സർക്കാരിനെതിരെ സായുധ പോരാട്ടം നയിക്കുന്ന ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) പാകിസ്താൻ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയായ ടിടിപി, 2026-ഓടെ സ്വന്തമായി വ്യോമസേന രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
സംഘടനയിലെ രണ്ടാമനും പ്രമുഖ നേതാവുമായ സലീം ഹഖാനിക്കായിരിക്കും വ്യോമസേനയുടെ ചുമതല. ടിടിപി തലവൻ മുഫ്തി നൂർ വാലി മെഹ്‌സൂദ് കഴിഞ്ഞാൽ സംഘടനയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് സലിം ഹഖാനി. വ്യോമസേന രൂപീകരിക്കുന്നതിലൂടെ പാക് സൈന്യത്തിനെതിരായ ആക്രമണങ്ങൾ കൂടുതൽ മാരകമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
ഭരണപരമായ നിയന്ത്രണങ്ങൾക്കായി രാജ്യത്തെ പടിഞ്ഞാറൻ മേഖല, മധ്യമേഖല എന്നിങ്ങനെ രണ്ട് മേൽനോട്ട മേഖലകളായി ടിടിപി വിഭജിച്ചു. ബലൂചിസ്ഥാൻ ഉൾപ്പെടുന്ന പ്രദേശങ്ങൾ പടിഞ്ഞാറൻ മേഖലയുടെ കീഴിലാകും. ഇതിനുപുറമെ സംഘടനയുടെ രാഷ്ട്രീയ കമ്മീഷൻ തലവനായി അസ്മത്തുള്ള മെഹ്‌സൂദിനെ നിയമിച്ചു. സതേൺ മിലിട്ടറി സോൺ തലവനായി ഇഹ്‌സാനുള്ള ഇപ്പിയെയും സെൻട്രൽ മിലിട്ടറി സോണിന്റെ ഡെപ്യൂട്ടി ഹെഡ് ആയി ഹിലാൽ ഖാസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭാരതത്തിന്റെ അഭിഭാജ്യ ഭാഗമായ കശ്മീരിനെയും ഗിൽജിത്-ബാൾട്ടിസ്ഥാനെയും തങ്ങളുടെ ‘നിഴൽ പ്രവിശ്യകളുടെ’ (Shadow Provinces) പട്ടികയിൽ ടിടിപി ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനിലുടനീളം സ്വാധീനം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. അഫ്ഗാൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നിലവിൽ പാക് സർക്കാരിന് നിയന്ത്രണം കുറവാണ്. ഇവിടെ പലയിടങ്ങളിലും സമാന്തര സർക്കാരിനെപ്പോലെയാണ് ടിടിപി പ്രവർത്തിക്കുന്നത്.
ടിടിപിയെ ‘ഫിത്‌ന-അൽ-ഖവാരിജ്’ എന്നാണ് പാക് സർക്കാർ വിശേഷിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ടിടിപിക്ക് താവളമൊരുക്കുകയും സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നുവെന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാൽ താലിബാൻ സർക്കാർ ഈ ആരോപണങ്ങൾ സ്ഥിരമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. ടിടിപിയുടെ പുതിയ നീക്കങ്ങൾ പാകിസ്താൻ സൈന്യത്തിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.











Discussion about this post