ഭോപ്പാൽ: കുനോ നാഷണൽ പാർക്കിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം നൽകി സർക്കാർ. നാല് ചീറ്റക്കുഞ്ഞുങ്ങൾക്കാണ് പേര് നൽകേണ്ടത്. ആഗ്രഹിക്കുന്നവർക്ക് https://mygov.in/task/name-four-newly-born-cheetah-cubs-kuno എന്ന സൈറ്റ് മുഖേന പേര് നൽകാം.
ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കേന്ദ്രസർക്കാരാണ് ചീറ്റകൾക്ക് പേരിടാനുള്ള മത്സരം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. നാല് പേരുകളും വ്യത്യസ്തത നിറഞ്ഞതാകണം. തിരഞ്ഞെടുക്കുന്ന നല്ല പേരുകൾ ചീറ്റകൾക്ക് നൽകും. ഈ മാസം 30 ന് മുൻപാണ് ചീറ്റകൾക്ക് പേര് നൽകേണ്ടത്. പ്രസ്തുത വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം രജിസ്റ്റർ ചെയ്യണം. ഇതിന് ശേഷം നാല് ചീറ്റകൾക്കും പേരുകൾ നിർദ്ദേശിക്കാം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ചീറ്റകൾക്ക് പേര് നൽകുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയ്‌നിന്റെ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചീറ്റക്കുഞ്ഞുങ്ങൾ പാർക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കേന്ദ്രം വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ആണ് ചീറ്റകൾ ജനിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചീറ്റകളുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു.നിലവിൽ നാല് കുഞ്ഞുങ്ങളും പാർക്കിനുള്ളിൽ കളിച്ചുല്ലസിച്ചുവരികയാണ്.
വൃക്കയിലെ തകരാറിനെ തുടർന്ന് സാഷ എന്ന് പേരുള്ള ചീറ്റ ചത്തിരുന്നു. ഇതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് നാല് കുഞ്ഞുങ്ങൾ പിറന്നത്. 20 ചീറ്റകളെയാണ് കേന്ദ്രസർക്കാർ കുനോ നാഷണൽ പാർക്കിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ എട്ട് എണ്ണം നമീബിയയിൽ നിന്നും 12 എണ്ണം ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്.
Discussion about this post