ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്നും മുഗൾ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് (എൻസിഇആർടി). സിബിഎസ്ഇ വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകത്തിൽ നിന്നാണ് പാഠഭാഗങ്ങൾ നീക്കിയത്. ഇതിന് തൊട്ട് പിന്നാലെ സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകത്തിൽ നിന്നും പ്രസ്തുത പാഠഭാഗങ്ങൾ ഉത്തർപ്രദേശ് സർക്കാരും നീക്കം ചെയ്തു.
മുഗൾ ഭരണാധികാരികളുടെ ചരിത്രം വ്യക്തമാക്കുന്ന പാഠശകലങ്ങളാണ് നീക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി- പാർട്ട് II എന്ന പുസ്തകത്തിലായിരുന്നു പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. അടുത്ത അദ്ധ്യയന വർഷം മുതൽ മുഗൾ ചരിത്രം ഒഴികെയുള്ള ഭാഗങ്ങൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടാകുക. പന്ത്രണ്ടാം ക്ലാംസ് വിദ്യാർത്ഥികളുടെ ചരിത്ര പുസ്തകത്തിന് പുറമേ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.
ലോക രാഷ്ട്രീയത്തിലെ അമേരിക്കൻ ആധിപത്യവും ശീത യുദ്ധവും എന്ന പാഠഭാഗമാണ് പരിഷ്‌കരിച്ചത്. ഇതിന് പുറമേ വിവിധ പ്രസ്ഥാനങ്ങളുടെ ആവിർഭാവവും, ഏകകക്ഷി ആധിപത്യം സംബന്ധിച്ച ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസിന് പുറമേ പ്ലസ് വൺ, പത്താംക്ലാസ് പുസ്തകങ്ങളിലും ഇക്കുറി എൻസിഇആർടി പരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ട്. പ്ലസ് വൺ ചരിത്ര പുസ്‌കത്തിൽ നിന്നും ‘ തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’, സെൻട്രൽ ഇസ്ലാമിക് ലാൻഡ്‌സ്, കൺഫ്രണ്ടേഷൻ ഓഫ് കൾച്ചേഴ്‌സ്, ഇൻഡസ്ട്രിയൽ റെവല്യൂഷൻ എന്നിവയാണ് ഒഴിവാക്കിയിട്ടുള്ളത്. പത്താം ക്ലാസ് പാഠപുസ്‌കതത്തിൽ നിന്നും ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി, ചാലഞ്ചസ് ടു ഡെമോക്രസി എന്നീ ഭാഗങ്ങളും നീക്കം ചെയ്തു.
അതേസമയം എൻസിഇആർടിയുടെ നടപടിയ്ക്ക് സമാനമായ രീതിയിൽ യുപി ബോർഡിന് കീഴിലെ 10, 11, 12 ക്ലാസിലെ പുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Discussion about this post