ബെയ്ജിംഗ്/ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകർ രാജ്യത്തേക്ക് തിരികെയെത്തുന്നത് തടഞ്ഞ് ചൈന. രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ വിസ മരവിപ്പിച്ചു. പ്രസാർഭാരതിയുടെ പ്രതിനിധി അൻഷുമാൻ മിശ്ര, ഹിന്ദു കറസ്‌പോണ്ടന്റ് ആനന്ദ് കൃഷ്ണൻ എന്നിവരുടെ വിസയാണ് ചൈന മരവിപ്പിച്ചത്.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇവർ രണ്ട് പേരും അടിത്തിടെയാണ് ഇന്ത്യയിൽ എത്തിയത്. പിന്നീട് കഴിഞ്ഞ മാസം 31ന് ജോലിയുടെ ആവശ്യത്തിനായി ഇവർ ചൈനയിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ വിമാനത്താവളത്തിൽവച്ച് തടയുകയായിരുന്നു. ഇതിന് കാരണം ആരാഞ്ഞപ്പോഴാണ് വിസ മരവിപ്പിച്ച കാര്യം അധികൃതർ അറിയിക്കുന്നത്. വിമാനത്താവളത്തിൽ ഏകദേശം അരമണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തു. ഇതിന് ശേഷം തിരികെ ഇന്ത്യയിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു.
ചൈനയുമായി സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആഴ്ചകൾക്ക് മുൻ ചൈനീസ് മാദ്ധ്യമ പ്രവർത്തകരോട് ഇന്ത്യ തിരികെ മടങ്ങാൻ ആവശ്യപ്പെടുകയും, ഷിൻഹ്വ വാർത്താ ഏജൻസിയുടെ കറസ്‌പോണ്ടന്റിന്റെ വിസ പുതുക്കി നൽകാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ മാർച്ച് 31 നകം രാജ്യത്തേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടത് പ്രകാരം ഇയാൾ മടങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകർക്ക് ചൈന വിലക്കേർപ്പെടുത്തിയത്.
Discussion about this post