ന്യൂഡൽഹി; കർഷകരുടേയും തൊഴിലാളികളുടേയും സ്ത്രീകളുടേയും യുവാക്കളുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ധീരജ് ഭട്നാഗറിന്റെ ‘രാമചരിതമനസ്’ ഹിന്ദി വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ ശ്രീരാമൻ തെളിച്ചു തന്ന പാതയിലൂടെയാണ് സർക്കാർ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഈ രാജ്യം രാമരാജ്യമാണെന്ന് ഒരിക്കലും പറയില്ല, പക്ഷേ ഞങ്ങൾ ആ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭഗവാൻ ശ്രീരാമൻ മുന്നോട്ട് വച്ച ആദർശങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങീ എല്ലാവരുടേയും ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഭഗവാൻ ശ്രീരാമന്റെ കഥ ഞങ്ങൾക്ക് എപ്പോഴും മാർഗദർശിയാണ്
അന്താരാഷ്ട്ര വേദികളിൽ പോലും ലോകം ഇന്ന് ശ്രദ്ധയോടെ ഇന്ത്യയെ കേൾക്കുകയാണ്. മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവ് വർദ്ധിച്ചു. മുൻപ് അന്താരാഷ്ട്ര വേദികളിൽ സംസാരിച്ചപ്പോഴൊന്നും മറ്റ് രാജ്യങ്ങൾ അത് ഗൗരവമായി കണ്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഇന്ത്യയുടെ യശസ്സ് വർദ്ധിച്ചിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Discussion about this post