ന്യൂഡൽഹി; മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുക.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്ന അനിൽ ആന്റണി ബിബിസി വിവാദത്തിന് പിന്നാലെ പാർട്ടിയുമായി തെറ്റിപിരിഞ്ഞ് എല്ലാ പദവികളിൽ നിന്നും രാജി വച്ച് കോൺഗ്രസ് അംഗത്വം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ഇന്ന് മൂന്ന് മണിക്ക് ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്. ഇത് അനിൽ ആന്റണി തന്നെയാവുമെന്നാണ് വിവരം.
പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്റിയുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച അനിൽ ആന്റണിക്കെതിരെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. ഇതിന് പിന്നാലെ അനിലിനെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും അനിൽ വിമർശനം ശക്തമാക്കുകയുമായിരുന്നു.
Discussion about this post