ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നോതാവ്. രാഷ്ട്രപിതാവ് ഗാന്ധിജിയേയും രാഹുലിനേയും താരതമ്യം ചെയ്ത് ചത്തീസ്ഗഢിൽ നിന്നുള്ള എംഎൽഎ അമിതേഷ് ശുക്ലയാണ് പുകഴ്ത്തലുമായി രംഗത്തെത്തിയത്. ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുലെന്നാണ് അമിതേഷിന്റെ പരാമർശം.
രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന് മഹാത്മാഗാന്ധിയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി, മഹാത്മാ ഗാന്ധി അന്ന് ദണ്ഡി മാർച്ച് നടത്തി.’ രാഹുൽ ഗാന്ധിയെ ഒരു രാഷ്ട്രപുത്രൻ എന്ന് വിശേഷിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അമിതേഷ് ശുക്ല പറഞ്ഞു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാൻ മഹാത്മാഗാന്ധിക്ക് കഴിയുമായിരുന്നു. പക്ഷേ ആയില്ല. അതുപോലെ, 2004 ലും 2008 ലും രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായില്ല. മഹാത്മാഗാന്ധി ദണ്ഡി മാർച്ചിൽ കിലോമീറ്ററുകൾ സഞ്ചരിച്ചതുപോലെ, രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ രാജ്യത്തുടനീളം നടന്ന് ജനങ്ങളുമായി സംവദിച്ചുവെന്ന് അമിതേഷ് കൂട്ടിച്ചേർത്തു.
സത്യത്തിന്റെ ആയുധം ഉപയോഗിച്ച് ‘ബ്രിട്ടീഷ് സാമ്രാജ്യം’ അവസാനിപ്പിച്ച മഹാത്മാഗാന്ധിയെപ്പോലെ, രാഹുൽ ഗാന്ധിയും നിർഭയമായി സത്യം സംസാരിക്കുന്നുവെന്നും, താൻ ഈ കാര്യങ്ങളെല്ലാം പറയുന്നത് പൂർണ ഉത്തരവാദിത്തത്തോടുകൂടിയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു.
”ഞാൻ ഈ പ്രസ്താവന നടത്തിയത് വളരെ ഉത്തരവാദിത്തത്തോടെയാണ്. ഞാൻ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽ പെട്ടയാളാണ്.മഹാത്മാഗാന്ധിയെക്കുറിച്ച് എന്റെ പിതാവിൽ നിന്നും (അവിഭക്ത മദ്ധ്യപ്രദേശിന്റെ മുൻ മുഖ്യമന്ത്രി ശ്യാമ ചരൺ ശുക്ല) അമ്മാവനിൽ നിന്നും (മുതിർന്ന കോൺഗ്രസ് നേതാവ് വിദ്യാ ചരൺ ശുക്ല) കേട്ട കാര്യങ്ങൾ വ്യക്തമാക്കുന്നത്, മഹാത്മാഗാന്ധിയും രാഹുൽ ഗാന്ധിയും തമ്മിൽ സമാനതകൾ ഉണ്ടെന്നാണ്.” അമിതേഷ് ശുക്ല വ്യക്തമാക്കുന്നു.
അമിതേഷ് ശുക്ലയുടെ പ്രസ്താവന ചർച്ചയായതോടെ കോൺഗ്രസ് മാനസികമായും ബൗദ്ധികമായും പാപ്പരായിരിക്കുന്നുവെന്ന് ബിജെപി എംപി സന്തോഷ് പാണ്ഡെ പരിഹസിച്ചു
Discussion about this post