ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബിജെപിയുടെ സ്ഥാപന ദിനത്തിൽ തന്നെ അംഗത്വം സ്വീകരിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആന്റണി ബിജെപി ആസ്ഥാനത്ത് എത്തിയതും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്ന അനിൽ ആന്റണി ബിബിസി വിവാദത്തിന് പിന്നാലെ പാർട്ടിയുമായി തെറ്റിപിരിഞ്ഞ് എല്ലാ പദവികളിൽ നിന്നും രാജി വച്ച് കോൺഗ്രസ് അംഗത്വം ഉപേക്ഷിക്കുകയായിരുന്നു.ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററി എന്നാണ് അനിൽ ആന്റണി പറഞ്ഞത്. നേതൃത്വത്തിൽ നിന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും, തന്റെ നിലപാടിൽ ഉറച്ച് നിൽക്കുവെന്നായിരുന്നു അനിൽ പിന്നീട് വ്യക്തമാക്കിയത്.
Discussion about this post