ദുബായ്: ദുബായിൽ 2019ൽ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥിക്ക് 5 ദശലക്ഷം ദിർഹം(11 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ യുഎഇ സുപ്രീംകോടതി ഉത്തരവ്. 20കാരനായ മുഹമ്മദ് ബെയ്ഗ് മിർസ എന്ന വിദ്യാർത്ഥിക്ക് തുക നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ്. ഒമാനിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസ് ദുബായിൽ വച്ച് അപകടത്തിൽ പെടുന്നത്.
ബസിലുണ്ടായിരുന്ന 31 യാത്രക്കാരിൽ 17 പേരും അപകടത്തിൽ കൊല്ലപ്പെട്ടു. ഇതിൽ 12 പേരും ഇന്ത്യക്കാരായിരുന്നു. പ്രദേശത്തെ മെട്രോ സ്റ്റേഷൻ പാർക്കിംഗിന്റെ എൻട്രി പോയിന്റിൽ ഓവർഹെഡ് ഹൈറ്റ് ബാരിയറിൽ ഇടിച്ചാണ് ബസ് അപകടത്തിൽ പെടുന്നത്. ഇടിയിൽ ബസിന്റെ ഇടത് വശം പൂർണമായി തകർന്നു. സംഭവത്തിൽ ബസിന്റെ ഡ്രൈവറായ ഒമാൻ സ്വദേശിക്ക് ഏഴ് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.
3.4 മില്യൺ ദിർഹം അപകടത്തിൽ പരിക്കേറ്റവരുടേയും മരിച്ചവരുടേയും കുടുംബത്തിന് നൽകാനും തീരുമാനമായിരുന്നു. ആദ്യഘട്ടത്തിൽ ഒരു മില്യൺ ദിർഹമാണ് മുഹമ്മദിന് നഷ്ടപരിഹാരമായി ലഭിച്ചത്. എന്നാൽ മുഹമ്മദിന്റെ കുടുംബം ഇതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് നഷ്ടപരിഹാര തുക 5 മില്യൺ ദിർഹമായി പുതുക്കി വിധിച്ചത്.
അപകടത്തിന് ശേഷം 14 ദിവസത്തോളം മുഹമ്മദ് അബോധാവസ്ഥയിലായിരുന്നു. യുവാവ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനത്തിന്റെ ഭാഗമായി അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്നും പഠനം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ മുഹമ്മദിന്റെ തലച്ചോറിന് ഗുരുതര ക്ഷതമാണ് സംഭവിച്ചത്. കൂടാതെ തലയോട്ടി, ചെവി, വായ, ശ്വാസകോശം, കൈകൾ, കാലുകൾ എന്നിവയ്ക്കും ഗുരുതര പരിക്കേറ്റു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു. മിർസയുടെ തലച്ചോറിന് 50 ശതമാനം സ്ഥിരമായ ക്ഷതം സംഭവിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎഇ സുപ്രീം കോടതി ഇൻഷുറൻസ് കമ്പനിയോട് നഷ്ടപരിഹാരതുക കൂട്ടി നൽകാൻ നിർദേശിച്ചത്.
Discussion about this post