ന്യൂഡൽഹി: ഭാരതം ഇന്ന് ചിന്തിക്കുന്നതാണ് ലോകം നാളെ ചിന്തിക്കുന്നതെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കി ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. 2047ഓടെ ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇത് ഉദ്ധരിച്ചാണ് ഹർഷ് ഗോയങ്കയുടെ വാക്കുകൾ. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയ നിരോധനമാണ് അദ്ദേഹം ആദ്യം ചൂണ്ടിക്കാണിച്ചത്.
ഗാൽവൻ താഴ്വരയിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചിരുന്നു. 2020ൽ ടിക് ടോക്കും മറ്റ് ചൈനീസ് ആപ്പുകളും നിരോധിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇതിന് പിന്നാലെ ന്യൂസിലൻഡ്, തായ്വാൻ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങൾ ടിക് ടോക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
ഇപ്പോൾ അമേരിക്കയും ടിക് ടോക് നിരോധിക്കുന്നത് പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. മൊബൈലിൽ നിന്നും സിസ്റ്റത്തിൽ നിന്നും ഈ ആപ്പ് ഡിലീറ്റ് ചെയ്യാൻ 30 ദിവസത്തെ സമയമുണ്ടെന്ന് ബൈഡൻ ഭരണകൂടം സർക്കാർ ഏജൻസികളോട് പറഞ്ഞിരിക്കുന്നത്.
”ഇന്ത്യ 2020ൽ ടിക് ടോക്ക് നിരോധിച്ചു. അമേരിക്ക ഇപ്പോൾ ടിക് ടോക്ക് നിരോധിക്കുന്നത് പരിഗണിക്കുന്നു. ഇന്ത്യ ഇന്ന് എന്താണ് ചിന്തിക്കുന്നത്, ലോകം നാളെ ചിന്തിക്കുമെന്നും” ഹർഷ് ഗോയങ്ക പറഞ്ഞു.
ടിക് ടോകിന്റെ ഓഹരികൾ വിറ്റഴിക്കാത്തവർക്ക് നിരോധനം നേരിടേണ്ടി വരുമെന്നും ബൈഡൻ നിർദ്ദേശിച്ചിട്ടുണ്ട്. 2020ൽ ടിക് ടോക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കം കോടതി തടഞ്ഞിരുന്നു. സുരക്ഷാപ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നത്.
Discussion about this post