ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ. ഉച്ചയ്ക്ക് ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപിയുടെ മറ്റ് പ്രമുഖ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെയോടെയാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.
കോൺഗ്രസ് വിട്ട് പോകേണ്ടിവരുമെന്ന് ഒരിക്കൽ പോലും താൻ ചിന്തിച്ചിരുന്നില്ലെന്ന് കിരൺ കുമാർ റെഡ്ഡി പറഞ്ഞു. എന്നാൽ ആ അവസ്ഥ തനിക്ക് ഉണ്ടായി. ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനങ്ങൾ മൂലം കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും നശിച്ചുകൊണ്ടിരിക്കുകയാണ്. അവർ ജനങ്ങളുമായി ഇടപഴകുന്നില്ല, അവരുടെ ആവശ്യങ്ങൾ അറിയുന്നില്ല. ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നില്ല. ഇത് ഒരു സംസ്ഥാനത്തെ മാത്രം കാര്യമല്ല. എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ തീരുമാനം തെറ്റായി എന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞു നടക്കുന്നത്. എന്നാൽ ഇത് പറയുന്ന പാർട്ടി സ്വന്തം വീഴ്ചകളിൽ നിന്നും പാഠം ഉൾക്കൊള്ളാത്തത് എന്താണ്. ജനവിധി മാനിച്ച് പറ്റിയ തെറ്റുകൾ എന്തെന്ന് തിരിച്ചറിഞ്ഞ് തിരുത്തണം. തങ്ങൾ മാത്രം ശരിയെന്നും ജനങ്ങൾ തെറ്റാണെന്നുമുള്ള ചിന്തകളാണ് അവർക്കുള്ളത്. പണ്ടൊരു പ്രയോഗമുണ്ട്. തന്റെ രാജാവ് സമർത്ഥനാണ്. ആരുടെയും വാക്കുകൾ കേൾക്കുകയുമില്ല, സ്വന്തമായി ചിന്തിക്കുകയുമില്ല. ഇതുപോലെയാണ് കോൺഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post