കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടിൽ നിന്ന് ദമ്പതികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയി. ഭാര്യയെ വഴിയിൽ ഇറക്കി വിട്ടതിന് ശേഷം ഭർത്താവുമായി സംഘം കടന്നു. പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടിയിൽ ഷാഫിയെ ആണ് തട്ടിക്കൊണ്ടു പോയത്. ദുബായിൽ ജോലി ചെയ്ത് കൊണ്ടിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഷാഫി വീടിന് മുൻപിൽ നിൽക്കുമ്പോഴാണ് നാലംഗ സംഘം കാറിലെത്തി ഇരുവരേയും തട്ടിക്കൊണ്ടുപോയത്. ഷാഫിയെ ആണ് സംഘം ആദ്യം വാഹനത്തിനുള്ളിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചത്. ബഹളം ഭാര്യ സനിയ ഓടിയെത്തിയതോടെ ഇവരേയും അക്രമികൾ കാറിനുള്ളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം കടന്നു കളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചനയുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post