തെലങ്കാന: രാജ്യത്ത് രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി ഇന്ന് സർവീസ് ആരംഭിക്കും. സെക്കന്തരാബാദ്-തിരുപ്പതി റൂട്ടിലും, ചെന്നൈ-കോയമ്പത്തൂർ റൂട്ടിലുമാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്താനൊരുങ്ങുന്നത്. രണ്ട് ട്രെയിനുകളും പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്യും.
സെക്കന്തരാബാദ്-തിരുപ്പതി വന്ദേഭാരത് എക്സ്പ്രസ് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഐടി നഗരമായ സെക്കന്തരാബാദിനെ തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയുമായി ബന്ധിപ്പിക്കുന്ന സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്, മൂന്ന് മാസത്തിനുള്ളിൽ തെലങ്കാനയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ രണ്ട് സ്ഥലങ്ങൾക്കുമിടയിലുള്ള യാത്രാസമയത്തിൽ മൂന്നര മണിക്കൂറോളം കുറവ് വരും.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിലാണ് ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. താംബരത്തിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള എക്‌സ്പ്രസ് സർവീസും, തിരുതുറൈപൂണ്ടി-അഗസ്ത്യംപള്ളി ഡിഇഎംയു സർവീസും പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുതുറൈപൂണ്ടിക്കും അഗസ്ത്യംപള്ളിക്കും ഇടയിൽ 294 കോടി ചെലവിൽ പൂർത്തിയാക്കിയ 37 കിലോമീറ്റർ നീളമുള്ള ഗേജ് കൺവേർഷൻ സെക്ഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
Discussion about this post