തെലങ്കാന: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലങ്കാനയിൽ. സംസ്ഥാനത്ത് 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ശേഷം സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 7850 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന അഞ്ച് ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഇന്ന് രാവിലെ 11.30നാണ് പ്രധാനമന്ത്രി ബീഗംപേട്ട് വിമാനത്താവളത്തിൽ എത്തുന്നത്.
ആദ്യം സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെത്തി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുപ്പതി തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം മൂന്നര മണിക്കൂറോളം കുറയും. മൂന്ന് മാസത്തിനുള്ളിൽ തെലങ്കാനയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ജനുവരിയിൽ സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.
വന്ദേ ഭാരത് എക്സ്പ്രസ് ഫളാഗ് ഓഫ് ചെയ്തതിന് ശേഷം പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ ബീബിനഗർ എയിംസിലെ പുതിയ ബ്ലോക്കുകൾക്ക് തറക്കല്ലിടും. 1350 കോടിയിലധികം ചെലവിലാണ് എയിംസ് ബീബിനഗർ വികസിപ്പിക്കുന്നത്. തെലങ്കാനയിലെ അടിസ്ഥാന ആരോഗ്യ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുന്നതാണ് പദ്ധതിയെന്ന് തെലങ്കാനയിൽ നിന്നുള്ള ലോക്‌സഭാംഗമായ ജി.കിഷൻ റെഡ്ഡി പറഞ്ഞു. അക്കാദമിക് ബ്ലോക്കുകൾ, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയാണ് എയിംസിൽ പുതിയതായി നിർമ്മിക്കുന്നത്.
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 720 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുന്നത്. ഹൈദരാബാദ് – സെക്കന്തരാബാദ് നഗരങ്ങളിൽ സബർബൻ വിഭാഗത്തിലുൾപ്പെടുത്തി 13 പുതിയ എംഎംടിഎസ് സർവീസുകൾ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. യാത്രക്കാർക്ക് ഏറ്റവും മികച്ചതും വേഗതയേറിയതുമായ യാത്രസൗകര്യങ്ങൾ ഇതുവഴി ലഭിക്കുന്നു. പാത ഇരട്ടിപ്പിക്കൽ നടത്തിയ സെക്കന്തരാബാദ്-മഹബൂബ് നഗർ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1410 കോടി രൂപ ചെലവിൽ 85 കിലോമീറ്ററിലധികം നീളത്തിലാണ് പാത ഒരുങ്ങിയിരിക്കുന്നത്. പുതിയ പദ്ധതി വഴി ട്രെയിനുകൾ ഇതുവഴി വളരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും.
Discussion about this post