കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വാഹനത്തിൽ നിന്ന് 175 കിലോ കഞ്ചാവ് കണ്ടെത്തി. പിടികൂടിയ കഞ്ചാവിന് അരക്കോടിയിലേറെ രൂപ വില വരും. മധുരം കമ്പനി റോഡിലാണ് കഞ്ചാവ് ഒളിപ്പിച്ച കാർ കണ്ടെത്തിയത്. കാറിൽ കഞ്ചാവ് ഒളിപ്പിച്ച സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഫോർട്ട്‌കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനം വാടകയ്‌ക്കെടുത്തത് ലഹരി കേസുകളിൽ നേരത്തെ അറസ്റ്റിലായിട്ടുള്ള ഒരു യുവാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്ഥലത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നവരാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അധികമാരും ശ്രദ്ധിക്കാത്ത ഒരു ഇടവഴിയിലാണ് വാഹനം ഇട്ടിരുന്നത്. അമ്പലമേട്ടിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരിമാഫിയ സംഘവുമായി ബന്ധമുള്ളവരാണ് കാർ ഉപേക്ഷിച്ചതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കുപ്രസിദ്ധ ഗുണ്ട ബോക്‌സർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഒറീസയിൽ നിന്ന് ചരക്ക് ലോറികളിൽ കിലോ കണക്കിന് കഞ്ചാവ് കൊച്ചിയിലെത്തിച്ചാണ് സംഘം വിതരണം ചെയ്തിരുന്നത്. ലോറികളിൽ എത്തിക്കുന്ന കഞ്ചാവ് ഹൈവേകളിൽ ഒഴിഞ്ഞ സ്ഥലങ്ങളിലുള്ള കാറുകളിലേക്ക് മാറ്റിയതിന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ബോക്‌സർ ദിലീപും സംഘവും പിടിയിലായതോടെ കുടുങ്ങുമെന്ന സൂചനയിൽ പള്ളുരുത്തിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
Discussion about this post