ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മദ്യപിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ. സംഭവത്തിൽ 40കാരനായ പ്രതിയെ പിടികൂടി. ഇന്നലെ രാവിലെ ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോയ ഇൻഡിഗോ 6ഇ308 വിമാനത്തിലായിരുന്നു സംഭവം. ഇന്നലെ രാവിലെ 7.56 ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് അൽപ്പ സമയത്തിന് ശേഷം ഇയാൾ സീറ്റിൽ നിന്നും എഴുന്നേൽക്കുകയായിരുന്നു. ഇതിന് ശേഷം എമർജൻസി ഡോറിന്റെ ഭാഗത്തേക്ക് പതിയെ നടന്ന് നീങ്ങി. തുടർന്ന് മദ്യപിച്ച് ലക്കുകെട്ട ഇയാൾ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
യാത്രികർ ബഹളംവച്ചതോടെ ജീവനക്കാർ എത്തി ഇയാളെ പിടിച്ച് സീറ്റിൽ ഇരുത്തി. തുടർന്ന് വിമാനം ബംഗളൂരുവിൽ ഇറങ്ങിയപ്പോൾ ഇയാളെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ ഇൻഡിഗോ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെയായി വിമാനത്തിനുളളിൽ മദ്യപിച്ച് എത്തി പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ വിമാനത്തിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
Discussion about this post