ഭോപ്പാൽ: അടുത്തിടെ തകർന്ന ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നേരത്തെ നിന്നിരുന്ന സ്ഥലത്ത് തന്നെയാകും ക്ഷേത്രം നിർമ്മിക്കുക. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വളരെ ചെറുതാണെങ്കിൽ പോലും നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് ഇത്. പണ്ട് കാലം മുതൽക്കേ നിരവധി പേർ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കാറുണ്ട്. അതിനാൽ വിശ്വാസികളുടെ ആവശ്യം മാനിച്ച് ക്ഷേത്രം പുനർനിർമ്മിക്കും. ഇതിന്റെ ഭാഗമായി എല്ലാ ആചാരങ്ങളും പാലിച്ച് വിഗ്രഹങ്ങൾ മറ്റൊരു സ്ഥാനത്തേക്ക് മാറ്റും. ക്ഷേത്രം പൂർത്തിയായാൽ ഇവിടേക്ക് തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം തകർന്നതോടെ ഇത് പുനർനിർമ്മിക്കണമെന്ന ആവശ്യം വിശ്വാസികളിൽ നിന്നും ശക്തമായി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പുനർനിർമ്മാണം ആവശ്യപ്പെട്ട് വിശ്വാസികൾ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇത് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഇതിന് പിന്നാലെയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ ക്ഷേത്രം നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയത്.
മാർച്ച് 30 നായിരുന്നു പടിക്കിണർ തകർന്ന് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർ മരിക്കുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 100 ലധികം പേരാണ് സംഭവ സമയം ക്ഷേത്രത്തിൽ ഉണ്ടായത്.
Discussion about this post