ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവും ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലും ആയിരുന്ന സി.രാജഗോപാലാചാരിയുടെ ചെറുമകൻ സി.ആർ.കേശവൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വക്താവായിരുന്ന സി.ആർ.കേശവൻ ഈ വർഷം ഫെബ്രുവരിയിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വമടക്കം രാജി വച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് തൊട്ടുപിന്നാലെയാണ് രാജഗോപാലാചാരിയുടെ ചെറുമകനും ബിജെപിയിലെത്തുന്നത്. സി.രാജഗോപാലാചാരിയുടെ ചെറുമകന്റെ മകനാണ് സി.ആർ.കേശവൻ.
പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഉള്ള ഒരു ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയിൽ തന്നേയും ഉൾപ്പെടുത്തിയതിന് നന്ദി പറയുകയാണെന്ന് സി.ആർ.കേശവൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയുള്ള നയങ്ങൾ, അഴിമതിയില്ലാത്ത ഭരണം, വികസനം, എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്ന നിലപാട് ഇതെല്ലാമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ കാണാനാകുന്നത്. അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടുകൾ ഇന്ത്യയെ ഏറ്റവും ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്നും ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാക്കി മാറ്റാൻ സഹായിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകൾ നേടിയ ധാരാളം ആളുകളെ എനിക്കറിയാം. 3 കോടിയിലധികം വീടുകളാണ് ആവാസ് യോജന വഴി നിർമ്മിച്ചത്. നേരത്തെ എല്ലാ കാര്യങ്ങളും ‘ ഡീലർ ബ്രോക്കർ ട്രാൻസ്ഫർ’ ആയിരുന്നു. എന്നാൽ ഇന്നത് ‘ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ’ ആയി മാറിയെന്നും” അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അതിന്റെ എല്ലാ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോൺഗ്രസിൽ നിന്നും രാജി വയ്ക്കുന്നത്. പാർട്ടി നയങ്ങളിലെ വിയോജിപ്പ് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നും വിട്ട് നിന്നിരുന്നു.
Discussion about this post