ഗുവാഹട്ടി: അസമിലെ പ്രശസ്ത ക്ഷേത്രമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം പ്രീതി സിൻഡ. ശനിയാഴ്ച വൈകീട്ടോടെയാണ് താരം ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രദർശനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വളരെ യാദൃശ്ചികമായാണ് പ്രീതി സിൻഡ ക്ഷേത്ര ദർശനം നടത്താനെത്തിയത്. അസമിൽ എത്തിയ നടി തിരികെ പോകാനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് വിമാനം രാത്രിയേ എത്തുകയുള്ളൂ എന്ന അറിയിപ്പ് ലഭിച്ചത്. ഇതോടെ ക്ഷേത്രത്തിലേക്ക് പോകാമെന്ന് താരം തീരുമാനിക്കുകയായിരുന്നു.
റോസ് നിറത്തിലുള്ള സൽവരാർ ധരിച്ചായിരുന്നു താരം എത്തിയത്. കോവിഡ് വ്യാപനമായതിനാൽ മാസ്‌കും ധരിച്ചിരുന്നു. മാസ്‌ക് ധരിച്ചതിനാൽ ആളുകൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ തിരിച്ചറിഞ്ഞ ആളുകൾ താരത്തിന് ചുറ്റും കൂടുകയായിരുന്നു. ക്ഷേത്രത്തിന്റെ മുകളിലും, കുളത്തിന്റെ ഭാഗത്തും നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പുറമേ പ്രീതി സിൻഡയും ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
വിമാനം വൈകിയതിനെ തുടർന്ന് ക്ഷേത്രത്തിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഗുവാഹട്ടിയിൽ എത്തുന്നവർ നിർബന്ധമായും ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കണം. ഇവിടെ വന്നാൽ പ്രത്യേക ഊർജ്ജമാണ് ലഭിക്കുന്നതെന്നും പ്രീതി സിൻഡ പ്രതികരിച്ചു.
Discussion about this post