ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ പുരാതന ക്രിസ്ത്യൻ ദേവാലയമായ ഗോൽഡഖാന പള്ളിയാണ് പ്രധാനമന്ത്രി സന്ദർശിക്കുക. നാളെ വൈകീട്ട് 5 മണിക്കാണ് അദ്ദേഹം ദേവാലയം സന്ദർശിക്കുക. മലയാളി വൈദികരടക്കം ചടങ്ങിൽ പങ്കെടുക്കും.
ഡൽഹി ആർച്ച്ബിഷപ് അനിൽ കുട്ടോയുടെ നേതൃത്വത്തിലാകും നരേന്ദ്രമോദിയെ സ്വീകരിക്കുക. ഈസ്റ്റർ ശുശ്രൂഷകളിൽ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് കാര്യത്തിൽ വ്യക്തമല്ല. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും ഇതേ ദേവാലയത്തിൽ സന്ദർശനം നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തീഡ്രൽ ഓഫ് സേക്രഡ് ഹാർട്ട് (ഗോൽ ഡാ ഖാന) പള്ളിയിലേക്കുള്ള ദൂരം,ചരിത്രപ്രാധാന്യം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് സന്ദർശനം തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി, ദേവാലയത്തിൽ പ്രാഥമിക പരിശോധന നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരടക്കം എത്തിയാണ് പരിശോധന നടത്തിയത്.
ലത്തീൻ ആചാരത്തിൽപ്പെടുന്ന ഒരു റോമൻ കത്തോലിക്കാ കത്തീഡ്രലും ഡൽഹിയിലെ ഏറ്റവും പഴയ പള്ളി കെട്ടിടങ്ങളിലൊന്നുമാണ് കത്തീഡ്രൽ ഓഫ് സേക്രഡ് ഹാർട്ട്. സെന്റ് കൊളംബാസ് സ്‌കൂളും,കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്‌കൂളും ചേർന്ന് ഏകദേശം 14 ഏക്കർ വിസ്തൃതിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
Discussion about this post