ന്യൂഡൽഹി; യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ ഇന്ത്യയോട് സഹായം തേടാൻ രാജ്യം. പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് ഇന്ത്യൻ സന്ദർശനത്തിനെത്തുന്നത്.
നാല് ദിവസത്തെ സന്ദർശനത്തിനെത്തുന്ന മന്ത്രി,റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രെയിനിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനുള്ള മാനുഷിക സഹായവും ഉപകരണങ്ങളും ഇന്ത്യയോട് തേടുമെന്നാണ് വിവരം. യുക്രെയ്ൻ സന്ദർശിക്കാൻ മന്ത്രി ഔദ്യോഗികമായി പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഉഭയകക്ഷി ബന്ധങ്ങൾ, യുക്രെയിനിലെ നിലവിലെ സാഹചര്യങ്ങൾ, ആഗോള പ്രശ്നങ്ങൾ എന്നിവ സന്ദർശനത്തിൽ ചർച്ചയാവും. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ച് കഴിഞ്ഞ 30 വർഷം പിന്നിടുമ്പോൾ ഇന്ത്യയും യുക്രെയിനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വ്യാപാരം, വിദ്യാഭ്യാസം, സംസ്‌കാരം, പ്രതിരോധം എന്നീ മേഖലകളിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പരസ്പര ധാരണയും താത്പര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായാണ് യുക്രെയ്ൻ മന്ത്രിയുടെ ഇന്ത്യൻ സന്ദർശനമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നിലവിൽ ഇന്ത്യ, വിഷയത്തിൽ നയതന്ത്ര പരിഹാരമാണ് വേണ്ടതെന്നുള്ള നിലപാടാണ് സ്വീകരിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ ഏത് സമാധാന പ്രക്രിയയിലും ചേരാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post