പെരിന്തൽമണ്ണ : ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും മകൾ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനും നാലുവയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ഫഹ്ന. എന്നാൽ ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രകോപിതനായ ഭർത്താവ്, പരപുരുഷ ബന്ധം ആരോപിച്ച് ദേഷ്യപ്പെടുകയായിരുന്നു. മുറിയിൽ നിന്നും ഒച്ചയും ബഹളവും കേട്ട് ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോൾ റഫീഖ് വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടു. കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലാണ് മുറിയിൽ ഫഹ്നയെ കണ്ടെത്തിയത്.
ഉടൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഭാര്യയുടെ സ്വർണാഭരണം ഊരിയെടുത്താണ് പ്രതി മുങ്ങിയത്. മണ്ണാർക്കാട് അവണക്കുന്നിലെ വീട്ടിലെത്തി റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.











