ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. തടവുകാരിയായ ഒരു സ്ത്രീ ഉൾപ്പെടെ ഉള്ളവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള ആന്റി റിട്രോവൈറൽ തെറാപ്പി കേന്ദ്രത്തിലാണ് രോഗബാധിതരെ ഇപ്പോൾ ചികിത്സിക്കുന്നത്. ജയിലിൽ എച്ച്ഐവി കേസുകൾ വർദ്ധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നതെന്ന് സുശീല തിവാരി ആശുപത്രിയിലെ എആർടി സെന്റർ ഇൻചാർജ് ഡോ.പരംജിത് സിംഗ് പറഞ്ഞു.
ഡോ.പരംജിത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെ രോഗബാധിതരെ നിലവിൽ ചികിത്സിക്കുന്നത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നത്. ഹൽദ്വാനി ജയിലിൽ 1629 പുരുഷ തടവുകാരും 70 സ്ത്രീ തടവുകാരുമാണുള്ളത്. ഇത്രയധികം തടവുകാരിൽ എച്ച്‌ഐവി ഒറ്റയടിക്ക് സ്ഥിരീകരിച്ചതോടെ പതിവ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
ആശുപത്രിയിൽ നിന്നുള്ള സംഘം മാസത്തിൽ രണ്ട് തവണയാണ് ജയിലിലെത്തി പരിശോധനകൾ നടത്തുന്നത്. ചെറിയ പ്രശ്നങ്ങളുള്ളവർക്ക് ജയിലിൽ വച്ചും, ഗുരുതരമായ പ്രശ്നങ്ങളുള്ളവർക്ക് ആശുപത്രിയിലും ചികിത്സ നൽകുകയാണെന്ന് പരംജിത് സിംഗ് പറഞ്ഞു.
Discussion about this post