ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കയ്യേറാൻ സാധിക്കില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ഭൂമി ആർക്കും കയ്യേറാവുന്ന നാളുകൾ അവസാനിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. അരുണാചൽ പ്രദേശ് സന്ദർശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. 2014ന് മുമ്പ് വടക്കുകിഴക്കൻ മേഖല മുഴുവനും സംഘർഷഭരിതമായ പ്രദേശമായി അറിയപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ 9 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം കാരണം വടക്കുകിഴക്ക് പ്രദേശങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്ന മേഖലയായി കണക്കാക്കപ്പെടുന്നുവെന്ന് അമിത്ഷാ കൂട്ടിച്ചേർത്തു.
‘ഐടിബിപി ജവാൻമാരും സൈന്യവും നമ്മുടെ അതിർത്തികളിൽ രാവും പകലും സുരക്ഷയൊരുക്കുന്നതിനാൽ ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ അവരുടെ വീടുകളിൽ സമാധാനമായി ഉറങ്ങാൻ കഴിയും. ഇന്ന് നമ്മുടെ മേൽ ആരും ദുഷിച്ച നോട്ടമെറിയുന്നില്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർക്കും ഇന്ത്യയുടെ ഭൂമി കയ്യേറാമെന്ന നാളുകൾ അവസാനിച്ചെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.ഐടിബിപിയും ഇന്ത്യൻ സൈന്യവും ഉള്ളതിനാൽ നമ്മുടെ ഭൂമിയുടെ ഒരു തരി പോലും കയ്യേറാൻ ആർക്കും കഴിയില്ല. അതിർത്തി കാക്കുന്ന എല്ലാ ജവാൻമാരുടെ ത്യാഗത്തെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച, ചൈന തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ ചൈന ശക്തമായി എതിർക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചൈനയുടെ പ്രാദേശിക പരമാധികാരം ലംഘിക്കുന്നുവെന്നും ചൈനീസ് വക്താവ് ആരോപിച്ചിരുന്നു. ഈ എതിർപ്പ് മറികടന്നാണ് ആഭ്യന്തരമന്ത്രി അരുണാചൽ പ്രദേശ് സന്ദർശിക്കാനെത്തിയത്.
Discussion about this post