കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കാതെ താലിബാൻ. സ്ത്രീകളെ റെസ്റ്റോറന്റുകളിലും പാർക്കുകളിലും വിലക്കിക്കൊണ്ട് വിചിത്രമായ ഉത്തരവാണ് ഹെറാത്ത് പ്രവിശ്യയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചിരിക്കുന്നുവെന്ന മതപുരോഹിതന്മാരുടെ പരാതിയെ തുടർന്നാണ് നടപടി.
“ഇതൊരു പാർക്ക് ആയിരുന്നു, പക്ഷേ അവർ അതിന് റെസ്റ്റോറന്റ് എന്ന് പേരിട്ടു. അതോടെ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചായി. ദൈവത്തിന് നന്ദി, ഇപ്പോൾ ഇത് ശരിയാക്കാൻ സാധിച്ചു. ഞങ്ങളുടെ ഓഡിറ്റർമാർ സ്ത്രീകളും പുരുഷന്മാരും പോകുന്ന പാർക്കുകളെല്ലാം നിരീക്ഷിക്കുകയാണെന്നും” ഹെറാത്തിലെ വൈസ് ആൻഡ് വെർച്യു ഡയറക്ടറേറ്റ് മേധാവി അസിസുറഹ്മാൻ അൽ മുഹാജിർ പറഞ്ഞു. സ്ത്രീകളുമായെത്തുന്ന കുടുംബങ്ങൾക്കും ഇവിടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾ ഹിജാബ് ശരിയായി ധരിക്കാത്തതാണ് നിയമം ഏർപ്പെടുത്താൻ കാരണമെന്നാണ് അധികൃതരുടെ വാദം. എല്ലാ റെസ്റ്റോറന്റുകളിലും കുടുംബങ്ങൾക്കും സ്ത്രീകൾക്കും വിലക്കില്ലെന്നും പാർക്കുകളുള്ള റെസ്റ്റോറന്റുകൾക്ക് മാത്രമാണ് നിയമം ബാധകമെന്നും ഹെറാത്തിലെ വൈസ് ആൻഡ് വെർച്യു മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഉദ്യോഗസ്ഥൻ ബാസ് മുഹമ്മദ് നസീർ പറഞ്ഞു.
ആവർത്തിച്ചുള്ള പരാതികൾ കാരണം ഈ റെസ്റ്റോറന്റുകൾ അടച്ചു. ഭാവിയിൽ ഇസ്ലാമിക നിയമം പാലിക്കാത്ത സ്ഥലങ്ങൾ അടച്ചുപൂട്ടും. വിദ്യാർത്ഥികൾക്കായുള്ള ഗെയിമിംഗ് ആർക്കേഡുകൾ ഇപ്പോൾ അടച്ചിട്ടിരിക്കുരയാണ്. എന്നാൽ ഇന്റർനെറ്റ് കഫേകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Discussion about this post