ഇൻഡോർ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ മനോഹരമായ അനുഭവം പങ്കുവച്ച് തനിഷ്‌ക സുജിത് എന്ന വിദ്യാർത്ഥിനി. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ ഈ മിടുക്കി തന്റെ 15ാം വയസ്സിൽ ബിഎ അവസാന വർഷ പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ്. പഠനത്തിൽ അതിസമർത്ഥയായ തനിഷ്‌ക 13 വയസ്സിലാണ് 12ാം ക്ലാസ് പരീക്ഷ പാസായത്.
നിയമം പഠിച്ച് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആവുക എന്നതാണ് ഈ മിടുക്കിയുടെ ലക്ഷ്യം. 2020ലുണ്ടായിരുന്ന കൊറോണ മഹാമാരിയെ തുടർന്ന് തനിഷ്ടകയ്ക്ക് അവളുടെ അച്ഛനേയും മുത്തച്ഛനേയും നഷ്ടമായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളും മറികടന്നുകൊണ്ടാണ് തനിഷ്‌കയുടെ മുന്നേറ്റം. കഴിഞ്ഞ ദിവസമാണ് തനിഷ്‌ക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. തന്റെ സ്വപ്നത്തെ പിന്തുടരാൻ അദ്ദേഹം എല്ലാവിധ പ്രോത്സാഹനവും നൽകിയെന്ന് തനിഷ്‌ക പറയുന്നു.
15 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയിൽ തനിക്ക് ബിഎ പരീക്ഷ പാസായതിന് ശേഷം അമേരിക്കയിൽ പോയി നിയമം പഠിക്കാനാണ് ആഗ്രഹമെന്ന് തനിഷ്‌ക പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. എന്നെങ്കിലും ഒരിക്കൽ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായി തനിഷ്‌ക പറയുന്നു. ” എന്റെ ലക്ഷ്യത്തെ കുറിച്ച് പറഞ്ഞപ്പോൾ സുപ്രിം കോടതിയിൽ പോകാനും അവിടെയുള്ള അഭിഭാഷകരുടെ വാദങ്ങൾ നിരീക്ഷിക്കാനും അദ്ദേഹം എന്നെ ഉപദേശിച്ചു. എന്റെ ലക്ഷ്യം നേടാൻ ഇത് എന്നെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ കാണുക എന്നത് സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും” തനിഷ്‌ക പറയുന്നു.
നിലവിൽ ഇൻഡോറിലെ ദേവി അഹല്യ സർവ്വകലാശാലയിൽ ബിഎ സൈക്കോളജി അവസാന വർഷ പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ് തനിഷ്‌ക. സർവ്വകലാശാല നടത്തിയ പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് തനിഷ്‌കയ്ക്ക് സർവ്വകലാശാലയിൽ പ്രവേശനം അനുവദിച്ചതെന്ന് സർവ്വകലാശാലയിലെ സോഷ്യൽ സയൻസ് സ്റ്റഡീസ് വിഭാഗം മേധാവി രേഖ ആചാര്യ പറഞ്ഞു.
Discussion about this post