കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയ കേസിൽ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്. പ്രതികളിൽ ഒരാളുടെ രേഖാ ചിത്രമാണ് പോലീസ് തയ്യാറാക്കുന്നത്. പ്രതികളെ പിടികൂടാൻ രേഖാ ചിത്രം സഹായിക്കുമെന്നാണ് പോലീസ് നിഗമനം.
ഷാഫിയുടെ ഭാര്യ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കുക. ഷാഫിയ്‌ക്കൊപ്പം ഭാര്യയെയും പ്രതികൾ തട്ടിക്കൊണ്ട് പോയിരുന്നു. എന്നാൽ അൽപ്പ ദൂരം പോയ ശേഷം ഭാര്യയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രധാന ദൃക്‌സാക്ഷികൂടിയാണ് ഭാര്യ.
ഷാഫിയെ തട്ടിക്കൊണ്ട് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഒരു സംഘം വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ ഒരാൾ തട്ടിക്കൊണ്ട് പോയ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് ഭാര്യയിൽ നിന്നും പോലീസിന് അറിയാൻ കഴിഞ്ഞത്. ഇയാളുടെ രേഖാചിത്രാമാകും ഭാര്യയുടെ സഹായത്തോടെ വരയ്ക്കുക.
അതേസമയം ഷാഫിയുടെ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഇത് ഉപേക്ഷിച്ചത് ആരെന്ന് അറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് പുറമേ വിവരങ്ങൾക്കായി അറസ്റ്റിലായ രണ്ട് പേരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിൽ ഒരാൾക്കാണ് തട്ടിക്കൊണ്ട് പോയ സംഘത്തെക്കുറിച്ച് അറിയാമെന്നാണ് സൂചന.
Discussion about this post