തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ബാങ്കിൽ അടച്ച പണം എത്തിയത് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടിൽ. 10.76 ലക്ഷം രൂപയാണ് യുവതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്. ഈ തുക മുഴുവനും ചിലവായി പോയി എന്നാണ് യുവതിയുടെ മൊഴി. സംഭവത്തിൽ യുവതിയ്‌ക്കെതിരെ ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി.
ബിവറേജസ് കോർപ്പറേഷന്റെ നെട്ടയം മുക്കോലയിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റിൽ നിന്നും ലഭിച്ച പണമാണ് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടിലേക്ക് പോയത്. ഇക്കാര്യം കോർപ്പറേഷൻ അറിയുന്നത് ആകട്ടെ കഴിഞ്ഞ മാസം 18 നും. ഇതോടെ നെട്ടയത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കിൽ എത്തി വിവരം അറിയിക്കുകയായിരുന്നു.
ബാങ്ക് നടത്തിയ അന്വേഷണത്തിൽ പണം അക്കൗണ്ട് മാറി ക്രെഡിറ്റ് ആയതായി കണ്ടെത്തി. ഇതോടെ ഇവരുടെ മേൽവിലാസത്തിൽ എത്തി അന്വേഷിക്കുകയായിരുന്നു. എന്നാൽ പണം മുഴുവൻ ചിലവായി പോയി എന്നായിരുന്നു യുവതി നൽകിയ മറുപടി. പോലീസിനോടും യുവതി ഇത് ആവർത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.











