ലക്‌നൗ: പുൽവാമയിലെ സൈനികരുടെ ജീവത്യാഗവും, ഇന്ത്യ നടത്തിയ മിന്നലാക്രമണവും സർവ്വകലാശാല വിദ്യാർത്ഥികളുടെ പഠന വിഷയമാക്കി ഉത്തർപ്രദേശ് സർക്കാർ. ഡിഫൻസ് സ്റ്റഡീസ് വിഷയത്തിലാണ് ഇവ ഉൾപ്പെടുത്തുന്നത്. ഇതിന് പുറമേ മറ്റ് പാഠഭാഗങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.
2020 ലെ ദേശീയ വിദ്യാഭ്യാസ നയ പ്രകാരമാണ് പാഠഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം. ത്രേതായുഗ കാലം മുതൽ യുദ്ധങ്ങളിൽ രാജ്യത്തെ വീരപുരുഷന്മാർ നേടിയ വിജയങ്ങളും ഇത് പ്രകാരം പുതുതായി ഉൾപ്പെടുത്തും. ഇവയെ എല്ലാം അടിസ്ഥാനമാക്കി പുതിയ പാഠഭാഗങ്ങൾ തയ്യാറാക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അലഹബാദ് സർവ്വകലാശാലയിലെ ഡിഫൻസ് സ്റ്റഡീസ് വിഭാഗം മേധാവിയും പ്രതിരോധ വിദഗ്ധനുമായ പ്രൊ. പ്രശാന്ത് അഗർവാൾ ഉൾപ്പെടെയുള്ളവരാണ് മൂന്നംഗ കമ്മിറ്റിയിൽ ഉള്ളത്. ഇവർ തയ്യാറാക്കുന്ന പാഠ്യപദ്ധതി സർക്കാരിന് കൈമാറും. ഇത് സർക്കാർ അംഗീകരിച്ചാൽ ഉടനെ പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കും. അല്ലാത്ത പക്ഷം സർക്കാർ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തും.
എല്ലാ സർവ്വകലാശാലകളിലും ഡിഫൻസ് സ്റ്റഡീസിന്റെ പാഠ്യപദ്ധതി 70 ശതമാനവും ഒരേ പോലെയായിരിക്കുമെന്ന് അഗർവാൾ പറഞ്ഞു. ബാക്കിയുളള 30 ശതമാനം പാഠഭാഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പാഠഭാഗങ്ങൾ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post