കൊച്ചി: പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിച്ച നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്സും കോച്ച് ഇവാൻ വുകോമനോവിച്ചും. ബ്ലാസ്റ്റേഴ്സിന് നാല് കോടിയും കോച്ച് ഇവാൻ വുകോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്. ശിക്ഷാനടപടികൾക്ക് പിന്നാലെ ക്ലബ്ബും കോച്ചും പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
സുനിൽ ഛേത്രിയുടെ വിവാദ ഗോൾ റഫറി അനുവദിച്ചതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കോച്ച് തിരിച്ച് വിളിച്ചത്. ഇവാനെ വിലക്കിയതിന് പിന്നാലെ പുതിയ കോച്ചിന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പിൽ ഇറങ്ങിയത്. ഇവാന്റെ അസിസ്റ്റന്റായ ഫ്രാങ്ക് ഡോവെനാണ് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഡോവെൻ ക്ലബ്ബിനൊപ്പം ചേരുന്നത്. ബെൽജിയം ടീമിന് വേണ്ടി അഞ്ച് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2008 മുതലാണ് പരിശീലരനായി കരിയർ ആരംഭിക്കുന്നത്.












